മലപ്പുറം : ഇടുക്കി ഡാമിന്റെ മുകളിൽനിന്നുള്ള കാഴ്ച കാണാൻ ആഗ്രഹമുണ്ടോ?. അതിനായി ഇടുക്കിവരെ ചെല്ലേണ്ട. കോട്ടക്കുന്നിലേക്കു വരിക. അവിടെ ഇടുക്കി ഡാമിനു മുകളിൽനിന്നുള്ള 360 ഡിഗ്രി കാഴ്ച നിങ്ങൾക്കു കാണാം. ഇടയ്ക്കൊന്ന് ബോട്ടിൽ കയറി ഡാമിലൂടെ സഞ്ചരിക്കുകയുംചെയ്യാം. ഇതിനെല്ലാം അവസരമൊരുക്കുകയാണ് കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശനമേളയിലെ കെഎസ്ഇബി സ്റ്റാൾ.
വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ അവസരമൊരുക്കിയിട്ടുള്ളത്. കുറവൻ-കുറത്തി മലകൾക്കിടയിൽ പെരിയാറിനു കുറുകെ 555 അടി ഉയരത്തിൽ പണിത അണക്കെട്ടിന്റെ മുകൾഭാഗം മുതൽ അണക്കെട്ട്, വൃഷ്ടിപ്രദേശം, ജലവൈദ്യുതപദ്ധതി തുടങ്ങിയവ കണ്ടും കേട്ടും മനസ്സിലാക്കാം.
ഡാമിന്റെ മുകൾകാഴ്ചയിൽ കാലൊന്നു തെന്നിയാൽ താഴെവീഴുമെന്ന തോന്നലും ദൂരെയുള്ള കാഴ്ചകളും ഡാമിന്റെ തൊട്ടുതാഴെനിന്നുള്ള മുകൾകാഴ്ചയും സന്ദർശകർക്ക് വേറിട്ട അനുഭവമാകും. നാലുമിനിറ്റുള്ള വീഡിയോയിൽ ഡാമിനെക്കുറിച്ചുള്ള വിവരണങ്ങളും വൈദ്യുതി ഉത്പാദനവും സ്ഥലങ്ങൾ വിശദീകരിച്ച് നൽകുന്നതിനു ഓഡിയോ സഹായവുമുണ്ട്.
ഡാമിന്റെ ഉള്ളറകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന വീഡിയോയിൽ സാധാരണക്കാർക്ക് നേരിട്ടു പ്രവേശനമില്ലാത്ത ജനറേറ്റർ റൂം, കൺട്രോൾ റൂം, ചെറുതോണി അണക്കെട്ട്, മൂലമറ്റം വൈദ്യുതിനിലയം, ബോട്ട് യാത്ര എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. അണക്കെട്ടുകളെക്കുറിച്ച് ജനങ്ങൾക്കുള്ള കൗതുകം കണക്കിലെടുത്താണ് കെഎസ്ഇബി ഇത്തരമൊരു വെർച്വൽ റിയാലിറ്റി സ്റ്റാളിൽ സജീകരിച്ചിരിക്കുന്നത്. രണ്ട് വിആർ ഹെഡ്സെറ്റുകളാണ് സന്ദർശകർക്കായി സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ഇബി തന്നെയാണ് വീഡിയോ നിർമിച്ചത്.
ഇന്നുകൂടിയുണ്ട് മേള
:ഏഴുദിനങ്ങളിലായി കോട്ടക്കുന്നിൽ നടക്കുന്ന മേളയ്ക്ക് ചൊവ്വാഴ്ച തിരശ്ശീലവീഴും. സംസ്ഥാന സർക്കാരിന്റെ നാലാംവാർഷികാഘോഷങ്ങളുടെ ഭാഗമായി മികച്ച സന്നാഹങ്ങളോടെ കോട്ടക്കുന്ന് മൈതാനത്ത് നടന്ന എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യ, കലാമേളയ്ക്ക് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. സമാപനസമ്മേളനം വൈകീട്ട് 5.30-ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും.
രാവിലെ 10-ന് വ്യവസായ വാണിജ്യ വകുപ്പിന്റെ ബാങ്കേഴ്സ് മീറ്റ്, വൈകീട്ട് നാലിന് റോഡ്‌സുരക്ഷാ സെമിനാർ എന്നിവയുണ്ടാകും. വൈകീട്ട് ഏഴിന് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റോടെ പരിപാടികൾക്കു സമാപനമാകും.