സാഹോദര്യ കേരള പദയാത്ര: ഹജ്ജ് അവസരം നഷ്ടപ്പെടുത്തിയതിൽ കേന്ദ്രസർക്കാർ അലംഭാവം മാപ്പർഹിക്കാത്തത്: റസാഖ് പാലേരി

വേങ്ങര: സ്വകാര്യ ഏജൻസികൾ വഴി പണമടച്ച് ഈ വർഷത്തെ ഹജജിനൊരുങ്ങിയ 42000 പേരുടെ അവസരമാണ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം നഷ്ടപ്പെട്ടത്. കേന്ദ്ര ന്യൂനപക്ഷ വകുപ്പിനും ഈ സംഭവത്തിൽ മാപ്പർഹിക്കാത്ത വീഴ്ച്ചയാണ് സംഭവിച്ചത്. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ തക്ക നടപടിയെടുക്കാനും പണം നഷ്ടപ്പെട്ടവർക്ക് തിരിച്ച് ലഭിക്കാനാവശ്യമായ ഇടപ്പെടലുകൾ നടത്താനും കേന്ദ്ര സർക്കാർ തയ്യാറാകണം. അടുത്ത വർഷത്തെ ഹജ്ജിൽ ഇവരുടെ മുൻഗണന രേഖാമൂലം ഓരോർത്തർക്കും നൽകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ധാരാളക്കണക്കിന് പ്രവാസികളുള്ള മേഖലയാണ് ഈ മണ്ഡലമടക്കമുള്ള പ്രദേശങ്ങള്‍. പ്രവാസികളെ പരമാവധി ചൂഷണം ചെയ്യുകയെന്നതല്ലാതെ അവരുടെ ക്ഷേമത്തിന് വേണ്ടിയോ തിരിച്ചുവരുന്ന പ്രവാസികളുടെ സമഗ്ര പുനരധിവാസത്തിന് വേണ്ടിയോ പദ്ധതികളാവിഷ്‌കരിക്കാന്‍ അധികാരികള്‍ക്ക് സാധിക്കാത്തത് പ്രവാസി സമൂഹത്തോടുള്ള വിവേചനത്തിന്റെ ഭാഗം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേങ്ങരയിലെ വലിയൊരു പ്രശ്‌നമാണ് ടൗണിലെ ഗതാഗത കുരുക്ക്. ഇവിടെ ഫ്‌ളൈ ഓവര്‍ അടക്കമുള്ള പദ്ധതികള്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും അതെല്ലാം കടലാസിലുറങ്ങുകയാണ്. അതിന് പുറമേ വേങ്ങരയിലെ സര്‍ക്കാറാശുപത്രിയില്‍ പരിമിതികളും സൗകര്യക്കുറവുകളും മാത്രമാണുള്ളത്. അത് പരിഹരിക്കാനുള്ള അടിയന്തര നടപടികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു വെൽഫെയർ പാർട്ടി പ്രസിഡന്റ് നയിക്കുന്ന സാഹോദര്യ കേരള പദയാത്രക്ക് വേങ്ങരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വേങ്ങര മണ്ഡലം പ്രസിഡണ്ട് പി. പി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ ഷഫീഖ്, സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡൻ്റ് സുഭദ്ര വണ്ടൂർ, ജില്ലാ സെക്രട്ടറി കെ.എം ഹമീദ് മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗം പനക്കൽ ദാമോദരൻ, ഇ. സി ആയിഷ, അവറു മാസ്റ്റർ, പറപ്പൂർ ഗ്രാമ പഞ്ചായത്ത് അംഗം താഹിറ എടയാടൻ, നാസർ വേങ്ങര എന്നിവർ സംസാരിച്ചു. വിവിധ പോഷക സംഘടന പ്രതിനിധികളായ നാലകത്ത് ഷജറീന (ഫ്രറ്റേണിറ്റി മൂവ്മെന്റ് ), എം. കെ അലവി വേങ്ങര (എഫ്. ഐ. ടി. യു), ശാക്കിറ ടീച്ചർ, യു. സക്കീന (വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്), സി. മുഹമ്മദലി വേങ്ങര (പ്രവാസി വെൽഫെയർ ഫോറം), നൗഷാദ് പി. ഇ ( കെ എസ് ടി എം), അബ്ദുല്ല ഹനീഫ്, റഹിം ബാവ, :സി. കുട്ടിമോൻ, ഖദീജ പുള്ളാട്ട്, പരീക്കുട്ടി വേങ്ങര, എന്നിവർ പ്രസിഡന്റ്റിനു ഹാരമണിയിച്ചു. പറമ്പിൽ പടിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിനു വിവിധ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ കെ. വി ഹമീദ് മാസ്റ്റർ, ബഷീർ പുല്ലമ്പലവൻ, കെ. മുഹമ്മദ് നജീബ്, ടി.ടി നൂറുദ്ധീൻ, സക്കീറലി അരീക്കൻ, എം. കെ അലവി എന്നിവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ടി. ഷാഹുൽ ഹമീദ് സ്വാഗതവും ട്രഷറർ അഷ്‌റഫ്‌ പാലേരി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}