മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പാണക്കാട്ടെത്തി. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഹജ്ജിനു പോയതിനാൽ ജില്ലാപ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളുടെ വീടാണ് സന്ദർശിച്ചത്. മധുരം നൽകി ഷൗക്കത്തിനെ സ്വീകരിച്ച നേതാക്കളുമായി 15 മിനിറ്റ് സൗഹൃദചർച്ചയുണ്ടായി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം പാണക്കാട് കുടുബത്തിന്റെ ഐശ്വര്യത്തോടെയാകണം എന്നതിനാലാണ് സന്ദർശനമെന്നും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേയുള്ള സെമിഫൈനലായ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും സന്ദർശനശേഷം ഷൗക്കത്ത് പ്രതികരിച്ചു. ഇടതുപക്ഷ തുടർഭരണത്തിനെതിരായ വിധിയെഴുത്ത് തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് അബ്ബാസലി തങ്ങളും പറഞ്ഞു. പാണക്കാട് മുനവ്വറലി തങ്ങൾ, യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, പി.എം.എ. സലാം, അഡ്വ. പി.ടി. അജയ് മോഹൻ, പി.ബി. സലീം, അഡ്വ. വി.എസ് ജോയ്, ഇസ്‌മായിൽ മൂത്തേടം, ടി.പി. അഷറഫലി, അഹമ്മദ് സാജു എന്നിവരും സംബന്ധിച്ചു.
തുടർന്ന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കബറിടം സന്ദർശിച്ചു. മുനവ്വറലി തങ്ങളുടെ വീട്ടിൽനിന്ന് ഉച്ചഭക്ഷണവും കഴിച്ചാണു മടങ്ങിയത്.
സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായി ഡിസിസി ഓഫീസിലെത്തിയ ആര്യാടൻ ഷൗക്കത്തിനെ പ്രസിഡന്റ് വി.എസ്. ജോയ് ഷാളണിയിച്ച് സ്വീകരിച്ചു. യുഡിഎഫ് ജില്ലാ, പ്രാദേശിക നേതാക്കൾ പങ്കെടുത്തു.