തിരൂരങ്ങാടി : ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന തിരൂരങ്ങാടിക്കും ചെമ്മാട് ടൗണിനും ദുരിതം ഇരട്ടിപ്പിച്ചാണ് ദേശീയപാതയിലെ കൂരിയാട്ട് അപകടമുണ്ടായത്.
ദേശീയപാത അടച്ചതോടെ വാഹനങ്ങളെല്ലാം കക്കാട്, തിരൂരങ്ങാടി, പനമ്പുഴ, മമ്പുറം, വികെ. പടി, ചെമ്മാട് തുടങ്ങിയ വഴികളിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്. കണ്ടെയ്‌നർ ലോറികളും ദീർഘദൂര ബസുകളടക്കമുള്ളവയും ഇതുവഴി വന്നതോടെ ഏറെനേരം വലിയ ഗതാഗതക്കുരുക്കാണ് ഈ ഭാഗങ്ങളിലുണ്ടാകുന്നത്.
വീതികുറഞ്ഞ ജങ്ഷനുകളിൽ വലിയ വാഹനങ്ങൾ തിരിഞ്ഞുപോകുന്നതും വലിയ പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. റോഡിൽ ദിശാബോർഡുകൾ കാണാതാകുന്നതോടെ വഴിെതറ്റുന്നവരും റോഡിൽ കുടുങ്ങുന്നവരുമുണ്ട്. പോലീസും സന്നദ്ധപ്രവർത്തകരും ജങ്ഷനുകളിൽ ഗതാഗതം നിയന്ത്രിക്കാനെത്തുന്നുണ്ടെങ്കിലും വാഹനത്തിരക്കിലാണ് തിരൂരങ്ങാടി. റോഡിൽ പോലീസിന്റെ സാന്നിധ്യം കുറവുള്ളതായി ആക്ഷേപങ്ങളുയർന്നിട്ടുണ്ട്. ദേശീയപാതയിലെ ഗതാഗതനിയന്ത്രണത്തിനും സ്റ്റേഷനിലെ മറ്റുകാര്യങ്ങൾക്കുമായി പോലീസുകാർ ഡ്യൂട്ടിയിലാകുന്നതോടെ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പോലീസുകാരെ നിയമിക്കാനാകാതെ പോലീസും പ്രതിസന്ധിയിലായി. ബുധനാഴ്ച വിദഗ്ധസംഘം പരിശോധന നടത്തിയതിനുശേഷം കൂരിയാട്ടെ റോഡിന്റെ പുനർനിർമാണം നിശ്ചയിക്കുന്നതിന് അനുസരിച്ചായിരിക്കും വാഹനങ്ങൾ തിരൂരങ്ങാടിവഴി തിരിച്ചുവിട്ടതിൽ അന്തിമതീരുമാനം ഉണ്ടാകുകയെന്നാണ് കരുതുന്നത്.