മലപ്പുറം: കൂരിയാട്ട് ദേശീയപാത 66ൽ റോഡും സർവിസ് റോഡും ഇടിയാൻ കാരണം മഴയെ തുടർന്ന് മണ്ണ് വയലിലേക്ക് നീങ്ങിയതാണെന്ന് പ്രാഥമിക നിഗമനം. വയൽപ്രദേശത്ത് വൻതോതിൽ മണ്ണ് നിക്ഷേപിച്ചാണ് പാത നിർമിച്ചത്. മണ്ണ് ഇളകി മാറുകയും വിള്ളലുകളിലേക്ക് വെള്ളം ഒഴുകിയെത്തുകയും വയലിലെ മണ്ണ് ഉയർന്നുപൊന്തുകയും ചെയ്തതാണ് തകർച്ചക്കിടയാക്കിയത്.
മണ്ണ് നീങ്ങിയത് റോഡിനെ ബാധിച്ചെന്നാണ് പ്രാഥമിക നിഗമനമെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ. വിനോദ് പറഞ്ഞു. നിർമാണത്തിനായി വൻതോതിൽ മണ്ണ് നിക്ഷേപിച്ചതു തന്നെയാകണം വയലിൽ മണ്ണ് ഉയർന്നുപൊങ്ങാൻ കാരണം. കഷ്ടിച്ചാണ് വലിയ ദുരന്തം ഒഴിവായത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല. അതിഗൗരവമായെടുത്ത് നടപടികൾ സ്വീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പുനൽകിയിട്ടുണ്ടെന്നും ജില്ല കലക്ടർ അറിയിച്ചു.
വയലിലൂടെ നിർമാണം നടത്തുമ്പോൾ ഉപരിതലം ശക്തിപ്പെടുത്തണം. ഇത് നടത്തിയിട്ടുണ്ടോയെന്ന് വിദഗ്ധ സമിതി പരിശോധിക്കും. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. നിർമാണം എവിടെയെങ്കിലും മാറ്റിച്ചെയ്യണമെങ്കിൽ അത് ചെയ്യേണ്ടിവരും.
വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചശേഷം ഇവിടെ ഏതു രീതിയിലുള്ള നിർമാണം വേണമെന്നതു സംബന്ധിച്ച് ദേശീയപാത അതോറിറ്റി തീരുമാനം എടുക്കുമെന്നും ജില്ല കലക്ടർ പറഞ്ഞു. തലപ്പാറയിലുണ്ടായ വിള്ളൽ എൻ.എച്ച് പ്രോജക്ട് ഡയറക്ടർ പരിശോധിച്ചശേഷം നടപടി സ്വീകരിക്കും.