വേങ്ങര: വേങ്ങരയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍ കേരള മുസ്ലീം ജമാഅത്തിന്റെ നിവേദനം.
കേരള സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലപ്പുറത്ത് നടന്ന പരിപാടിയിൽ വേങ്ങരയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചത്.
ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ നടപടികള്‍ സ്വീകരിക്കുക, കാരാത്തോട് മുതൽ കൂരിയാട് വരെ കടലുണ്ടി പുഴയുടെ തീരത്തിലൂടെ തീരദേശ പാത നിര്‍മ്മിച്ച് ഗതാഗത പ്രശ്നവും കടലുണ്ടി പുഴയുടെ പാര്‍ശ്വ ഭിത്തിയും സംരക്ഷിക്കുക. അതോടനുബന്ധിച്ച് പുഴയുടെ ഓരം കെട്ടി സുരക്ഷിതമാക്കുകയും ചെയ്യുക. വേങ്ങരയിൽ ഇപ്പോൾ നിലവിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ കിടത്തി ചികിത്സയടക്കം കൂടുതൽ സൗകര്യത്തോടെയുള്ള ആശുപത്രിയായി വികസിപ്പിക്കുക. ന്യൂതന തൊഴിലതിഷ്‌ഠിത വിദ്യാഭ്യാസ കോഴ്‌സുകൾ ലഭ്യമാക്കിയുള്ള സർക്കാർ കോളേജ് വേങ്ങരയില്‍ സ്ഥാപിക്കുക. ഓട്ടിസം, ബുദ്ധി മാന്ദ്യം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള വിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം വേങ്ങര കേന്ദ്രീകരിച്ച് സ്‌ഥാപിക്കുക. പരിസരവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ ഊരകം മലയിലെ അനധികൃത കരിങ്കൽ കോറികൾ അടച്ച് പൂട്ടുന്നതിന് അടിയന്തിര ഇടപെടൽ നടത്തുക. യുവ തലമുറയുടെയും ആരോഗ്യ കളി സ്‌ഥലങ്ങളും ഓപ്പൺ ജിംനേഷ്യവും സ്‌ഥാപിക്കുക. വേങ്ങര പരിസരത്തെ കുടിവെള്ള ക്ഷാമത്തിന് സാശ്വത പരിഹാരത്തിന് ജലനിധി പോലുള്ള പദ്ധതികൾ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജില്ലാ സാമൂഹ്യക്ഷേമ സെക്രട്ടറി എ അലിയാര്‍ ഹാജി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.