കുരുങ്ങാത്ത വഴിവേണം, ഉടൻ ദേശീയപാതയിൽ അപകടമുണ്ടായ കൂരിയാട്ട് പ്രവേശനം നിരോധിച്ച് റോഡ് അടച്ചനിലയിൽ

തിരൂരങ്ങാടി : ആറുവരിപ്പാത ഉടൻ തുറക്കാൻ പോകുന്നത് സ്വപ്നം കണ്ടവരും തുറന്ന വഴിയിൽ നൂറുകിലോമീറ്റർ വേഗത്തിൽ പാഞ്ഞവരുമെല്ലാം ഇപ്പോൾ ആഗ്രഹിക്കുന്നത് ഒറ്റ കാര്യം. കുരുക്കിലാവാതെ ഇതുവഴിയൊന്നു കടന്നുപോകാൻ ഉടൻ വേണമൊരു ബദൽ സംവിധാനം.

വാഹനങ്ങൾ തിരിച്ചുവിട്ട നിലവിലെ ചെറുവഴികളിലെല്ലാം ഇപ്പോൾ കുരുക്കാണ്.തകർന്ന പാത നേരെയാക്കാൻ ഇനിയേറെ സമയമെടുക്കുകയും ചെയ്യും. അതുകൊണ്ടാണ് ഈ മോഹം.

ദേശീയപാതയിലെ കൂരിയാട്ട് വാഹനഗതാഗതം നിരോധിച്ചതിനു പിന്നാലെ മഴ ശക്തമാവുകകൂടി ചെയ്തതോടെ യാത്രയൊരു കടുത്ത പരീക്ഷണമായിരിക്കുന്നു. വഴികളിൽ കുരുക്ക് നീളുന്നു. പെയ്തുതീരാതെ ആശങ്കകളുടെ കാർമേഘങ്ങളും നിറയുന്നു.

ശനിയാഴ്ച റോഡുകളിൽ വാഹനഗതാഗതക്കുരുക്ക് കൂടുതൽ നീണ്ടുനിന്നു. ദേശീയപാതയിലെ കൂരിയാട്ട് അപകടമുണ്ടായതിനെത്തുടർന്ന് ആറുവരിപ്പാതയിലും സർവീസ് റോഡിലും ഗതാഗതം നിരോധിച്ചതോടെയാണ് വഴിതിരിച്ചുവിട്ട പാതകളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് തുടരുന്നത്. കക്കാട്, തിരൂരങ്ങാടി, മമ്പുറം, ചെമ്മാട്, ടൗൺ എന്നിവിടങ്ങളിലാണ് ഗതാഗതം കുരുക്കിലായത്. കൂരിയാട്ട് തകർന്ന പാത പുനർനിർമിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും പുറത്തുവരാത്തത് ഗതാഗതക്കുരുക്ക് ദിവസങ്ങളോളം തുടരുമെന്ന ആശങ്കയുമുണ്ടാക്കുന്നു.

ദേശീയപാതയിലൂടെ പോയിരുന്ന വലിയ കണ്ടെയ്‌നർ ലോറികൾ, കെഎസ്ആർടിസി. ബസുകൾ, ട്രെയിലർ ലോറികൾ തുടങ്ങിയവയ്ക്കൊന്നും എളുപ്പത്തിൽ കടന്നുപോകാനാകുന്നതല്ല ഇവിടങ്ങളിലെ ചെറിയ റോഡുകൾ. തിരൂരങ്ങാടി, ചെമ്മാട് ടൗൺ എന്നിവിടങ്ങളിൽ നേരത്തെത്തന്നെ ഗതാഗതക്കുരുക്ക് ഉള്ള സ്ഥലങ്ങളുമാണ്. ദേശീയപാതയിലെ വാഹനങ്ങൾ ഇതുവഴി തിരിച്ചുവിട്ടതോടെ കുരുക്ക് മണിക്കൂറുകൾ നീളുകയാണ്.

വലിയ കണ്ടെയ്‌നർ ലോറികൾ, കെഎസ്ആർടിസി. ബസുകൾ, ട്രെയിലർ ലോറികൾ തുടങ്ങിയവയ്ക്കൊന്നും എളുപ്പത്തിൽ കടന്നുപോകാനാകുന്നതല്ല ഇപ്പോൾ തിരിച്ചുവിട്ട വഴികൾചെട്ടിപ്പടിയിലും കുരുക്ക്

ദേശീയപാതയിൽനിന്നുള്ള വാഹനങ്ങൾ ചേളാരിയിൽനിന്ന് ചെട്ടിപ്പടി, പരപ്പനങ്ങാടി, താനൂർ, തിരൂർ ചമ്രവട്ടം വഴി കടന്നുപോകുന്നത് വർധിച്ചതോടെ ഈ ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. ചെട്ടിപ്പടി റെയിൽവെ ഗേറ്റിന് സമീപത്തുണ്ടാകാറുള്ള കുരുക്കിന്റെ നീളം കൂടിയിട്ടുണ്ട്. താഴെ ചേളാരിയിൽ വാഹനങ്ങൾ പരപ്പനങ്ങാടി റോഡിലേക്ക് പ്രവേശിക്കുന്ന ജങ്ഷനിലെ സ്ഥലപരിമിതി ഇവിടെയും കുരുക്ക് വർധിപ്പിച്ചിട്ടുണ്ട്.

കളക്ടർ സ്ഥലം സന്ദർശിക്കണമെന്ന് നാട്ടുകാർ

വേങ്ങര : അപകടമുണ്ടായ കൂരിയാട് കളക്ടർ സന്ദർശിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം. കൊളപ്പുറം മുതൽ കൂരിയാടു വരെ പാതയുടെ നിർമാണത്തിൽ പല പരാതികളുമായി നാട്ടുകാരും ജനപ്രതിനിധികളും ജില്ലാ കളക്ടറെ പലവട്ടം സന്ദർശിച്ചതാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇതിനായി പലയോഗങ്ങളും ജനപ്രതിനിധികളുടെ സാനിധ്യത്തിൽ കളക്ടറേറ്റിൽ നടന്നിട്ടുമുണ്ട്. എന്നാൽ സ്ഥലത്തെത്തി കാര്യങ്ങൾ മനസ്സിലാക്കി നിർമാണകമ്പനിയോടോ, ദേശീയപാത അധികൃതരോടോ ജനങ്ങളറിയിച്ച പരാതികൾ ചർച്ചചെയ്യാൻ താത്പര്യം കാണിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ദേശീയപാത തകർന്നതോടെ ഒരു ദേശം മുഴുവൻ മറ്റൊരു ദേശത്തെത്താൻ പെടാപ്പാട് പെടുകയാണെന്നും ഇതിനായി എന്ത് യാത്രാ സൗകര്യമാണ് ഉടനെ ഒരുക്കുകയെന്നും നാട്ടുകാർ ചോദിക്കുന്നു.

കൂടുതൽ പോലീസിനെ നിയമിച്ചു

:അതിനിടെ വാഹനഗതാഗതനിയന്ത്രണത്തിന് കൂടുതൽ പോലീസുകാരെ നിയമിച്ചത് ആശ്വാസമായി. തിരൂരങ്ങാടി, ചെമ്മാട് എന്നിവിടങ്ങളിലെ ജങ്ഷനുകളിൽ പോലീസുകാർ ഗതാഗതനിയന്ത്രണത്തിനുണ്ട്. ജങ്ഷനുകളിൽ ദേശീയപാത അതോറിറ്റി സൂചനാബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

ഇന്നത്തെ ധർണ മാറ്റി

:കൂരിയാട്ട് സമരസമിതി ഞായറാഴ്ച നടത്താനിരുന്ന ധർണ പ്രതികൂല കാലാവസ്ഥ കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി അറിയിച്ചു. കൊളപ്പുറം മുതൽ കൂരിയാടുവരെയുള്ള ഭാഗങ്ങളിൽ മേൽപ്പാലം നിർമിച്ച് അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ധർണ പ്രഖ്യാപിച്ചിരുന്നത്. കളക്ടറുടെ അഭ്യർഥന മാനിച്ചാണ് ധർണ മാറ്റിയതെന്നും സമരസമിതി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}