തിരൂരങ്ങാടി : ആറുവരിപ്പാതയിൽ വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ യാത്രക്കെല്ലാം വേഗത നന്നായി വർധിച്ചിട്ടുണ്ട്. എന്നാൽ, അശ്രദ്ധയുണ്ടാക്കുന്ന അപകടങ്ങളും പുതിയ പാതയിൽ വർധിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങൾ സൂചിപ്പിക്കുന്നു. സിഗ്നലുകൾ, സൂചനാബോർഡുകൾ, മുന്നറിയിപ്പുകൾ, തെരുവു വിളക്കുകൾ, വേഗതാനിയന്ത്രണങ്ങൾ തുടങ്ങിയവ പാതയിൽ സ്ഥാപിക്കുന്നത് പൂർത്തിയായിട്ടില്ല. ഇവ സ്ഥാപിച്ചാലും സ്ഥാപിക്കുന്നതിന് മുൻപും ഡ്രൈവർമാർക്ക് ശരിയായ ജാഗ്രത വേണമെന്നും അല്ലാത്തപക്ഷം വലിയ അപകട സാധ്യതയുണ്ടെന്നും പുതിയപാതയിലെ അപകടങ്ങൾ മുന്നറിയിപ്പു നൽകുന്നു.
ചൊവ്വാഴ്ച കൊളപ്പുറത്തിന് സമീപം വി.കെ. പടിയിൽ ടയർ പഞ്ചറായി നിർത്തിയിട്ട മിനിലോറിക്കു പിറകിൽ സ്‌കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ ട്രെയ്‌ലർ ലോറി നിയന്ത്രണംവിട്ട് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടവും പുതിയ പാതയിലെ അപകടങ്ങളെക്കുറിച്ച് സൂചന നൽകുന്നു. പുതിയപാതയിൽ വാഹനമോടിക്കുന്നവർക്ക് താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:
മുന്നറിയിപ്പു നൽകാൻ മറക്കല്ലേ
: ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തകരാറുകൾ സംഭവിച്ചാൽ പിറകിൽവരുന്ന വാഹനങ്ങൾക്ക് വേഗത്തിൽ മനസ്സിലാക്കാവുന്നവിധം മുന്നറിയിപ്പ് നൽകിയാണ് വാഹനം നിർത്തിയിടേണ്ടത്. കേടുവന്ന വാഹനം സർവീസ് റോഡിലേക്ക് മാറ്റിയിടുന്നതിന് പരമാവധി ശ്രമിക്കണം. സാധിക്കാത്തവ നിർത്തിയിടുമ്പോൾ വാഹനത്തിന് നൂറു മീറ്റർ അകലത്തിലെങ്കിലും സിഗ്‌നൽ ബോർഡ് നിവർത്തി വെക്കണം.
ഇത്തരം സമയങ്ങളിൽ ഉപയോഗിക്കാനുള്ള ട്രയാങ്കുലർ സിഗ്‌നൽ ബോർഡ് വാഹനങ്ങളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. സിഗ്നൽ ലൈറ്റുകളും ഉപയോഗിക്കാം.
സർവീസ് റോഡിലേക്ക് കയറുമ്പോൾ
: ആറുവരിപ്പാതയിൽനിന്ന് പുറത്തുകടക്കാനുള്ള എക്‌സിറ്റുകൾ മാത്രമാണ് സർവീസിൽ റോഡിലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കേണ്ടത്.
സർവീസ് റോഡിൽനിന്ന് ആറുവരിപ്പാതയിലേക്ക് കയറുന്നതിനും അനുവദിക്കപ്പെട്ട വഴികൾ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഇവ വ്യക്തമായി മാർക്ക് ചെയ്തുവരുന്നുണ്ട്.
ജാഗ്രതയോടെ ഇൻഡിക്കേറ്റർ
:ഇൻഡിക്കേറ്ററുകളെല്ലാം കൃത്യമായി ഉപയോഗിച്ചാണ് പാതയിൽ വാഹനമോടിക്കേണ്ടത്. അലക്ഷ്യമായി ട്രാക്ക് മാറുന്നതോടെ പിറകിൽ വരുന്ന വാഹനം കൂട്ടിയിടിക്കാൻ സാധ്യത ഏറെയാണ്. കേടുവന്ന ഇൻഡിക്കേറ്ററുകൾ അടിയന്തരമായി നന്നാക്കണം.
ടയർ മൊട്ടയാവരുത്
: വാഹനങ്ങളുടെ ടയറുകളുടെ കാര്യക്ഷമത നിർബന്ധമായും ഉറപ്പുവരുത്തണം. പഴക്കമുള്ളതും തേഞ്ഞതുമായ ടയറുകൾ ഉപയോഗിച്ച് വേഗതയിലോടുന്നത് വലിയ അപകടത്തിന് ഇടയാക്കും.
ഇവിടെയും വളവ് ഉണ്ട്
: പുതിയ പാതയിലും ചിലയിടങ്ങളിൽ വളവുകളുണ്ട്. ഇത് ശ്രദ്ധിക്കാഞ്ഞാൽ അതിവേഗതയിലെത്തുന്ന ചെറിയകാറുകളും വലിയലോറികളടക്കമുള്ള വാഹനങ്ങളും നിയന്ത്രണംവിട്ട് റോഡിൽ മറിയാൻ സാധ്യതയുണ്ട്. വളവുകളെത്തുന്നതോടെ വേഗം കുറയ്ക്കുന്നതാണ് ഉചിതം.
മഴക്കാലത്ത് തെന്നിപ്പോകാം
: ശക്തമായ മഴപെയ്യുന്ന സമയങ്ങളിൽ പലയിടങ്ങളിലും വൻതോതിൽ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. വേഗത്തിലെത്തുന്ന വാഹനം വെള്ളക്കെട്ടിൽ തെന്നി നിയന്ത്രണംവിടാൻ സാധ്യതയുള്ളതിനാൽ മഴയുള്ള സമയങ്ങളിൽ ജാഗ്രത പുലർത്തണം. മഴ അവസാനിച്ചെങ്കിലും പാതയിലെ വെള്ളം ഒഴുകിപ്പോകുന്നതിന് സമയമെടുക്കുന്നതിനാൽ വേഗത നിയന്ത്രിച്ച് പോകുന്നതാണ് ഉചിതം.
വഴി അടച്ചതും തിരിയുന്നതും നോക്കിയിരിക്കണം
: പണിപൂർത്തിയാകാത്ത സ്ഥലങ്ങളിൽ കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിച്ച് റോഡ് അടച്ചിട്ടുണ്ട്. വേഗതയിലെത്തുന്ന വാഹനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഡിവൈഡറുകളിൽ ഇടിക്കാനും പെെട്ടന്ന് വാഹനം നിർത്താനോ വെട്ടിക്കുന്നതിനോ ശ്രമിച്ചാൽ അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്.
റോഡ് മുറിച്ചു കടക്കല്ലേ
: കാൽനടക്കാർ ആറുവരിപ്പാത മുറിച്ചുകടക്കുന്നത് പൂർണമായും ഒഴിവാക്കണം. ഡിവൈഡറുകളുടെയും എക്‌സിറ്റുകളുടെയും പണി പൂർത്തിയാകാത്ത സ്ഥലങ്ങളിൽ ചെറിയ വിടവുകളിലൂടെ ആറുവരിപ്പാതയിലൂടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കണം.
ജീവൻകാക്കാൻ വേണം പുതിയ സംസ്കാരം
: പുതിയ ഡ്രൈവിങ് സംസ്‌കാരമാണ് പുതിയപാതയിൽ ഒാരോരുത്തർക്കും ഉണ്ടാവേണ്ടതെന്നാണ് വാഹനവകുപ്പ് ഓർമിപ്പിക്കുന്നത്.
പാതയുടെ പണി പൂർത്തിയാകുന്നതോടെ നിയമങ്ങളും പിഴ ഈടാക്കുന്നതടക്കമുള്ള ശിക്ഷകളും കർശനമാക്കുമെന്നും വാഹനവകുപ്പ് സൂചന നൽകുന്നുണ്ട്.
കണ്ണാടി നന്നാവണം
: വാഹനങ്ങളുടെ രണ്ട് ഭാഗത്തും മധ്യഭാഗത്തുമുള്ള കണ്ണാടികൾ കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പൊട്ടിയതും മങ്ങലേറ്റതുമായ കണ്ണാടികളിൽ പിറകിൽവരുന്ന വാഹനങ്ങളുടെ വ്യക്തമായ കാഴ്ച ലഭിക്കില്ല. ആറുവരിപ്പാതയിൽ ട്രാക്കുകൾ മാറുന്നതിന് ഈ മൂന്ന് കണ്ണാടികളിലെയും കാഴ്ച പ്രധാനമാണ്.