കേരളത്തിലെ പലനിർമിതികളും ഇപ്പോൾ കുഴപ്പമില്ലെന്നു തോന്നാമെങ്കിലും മോശം ഭൗമസാങ്കേതിക ആസൂത്രണം കാരണം അവ ഓരോന്നും ഓരോ ടൈം ബോംബായി മാറിയേക്കാം -ഇന്ത്യയിലും യൂറോപ്പിലും പ്രവർത്തിക്കുന്ന ജിയോടെക്നിക്കൽ വിദഗ്ധൻ ജയകൃഷ്ണൻ മേനോൻ എഴുതുന്നു.
മലപ്പുറത്ത് ദേശീയപാതയിലുണ്ടായ തകർച്ച ഒരു സാധാരണ മണ്ണൊലിപ്പുപോലെ തോന്നാമെങ്കിലും ഒരു എൻജിനിയറെ സംബന്ധിച്ചിടത്തോളം ‘ബെയറിങ് കപ്പാസിറ്റി ഫെയില്യർ’, അതായത് മണ്ണിന് താങ്ങാനാകാത്തത്ര ഭാരം ചുമക്കേണ്ടിവന്നതിനാലുണ്ടായ അപകടത്തിന്റെ ഉദാഹരണമാണ്.
സംഭവിച്ചതെന്ത്: എട്ടുമീറ്റർ ഉയരത്തിൽ റോഡ് നിർമിച്ച ഭാഗം മൃദുലമായ, കളിമണ്ണുനിറഞ്ഞ കാർഷികഭൂമിയായിരുന്നു. ഇതുപോലുള്ള താഴ്ന്നപ്രദേശങ്ങളിലെ കൃഷിഭൂമി സാധാരണ അത്ര ഉറച്ചതല്ല. ഈ ഭൂമിക്ക് താങ്ങാനാവുന്നതിലും അഞ്ചുമടങ്ങു ഭാരമാണ് ഇവിടെ റോഡിനുണ്ടായിരുന്നത്. സ്വാഭാവികമായും മണ്ണിന്റെ അടിത്തറയിളകി പാത തകർന്നു. ഇതൊരു നിർമാണപ്പിഴവല്ല, എൻജിനിയറിങ് പരാജയമാണ്.
"ഇത് തടയാനാകാമായിരുന്നില്ലേ?:
ജയകൃഷ്ണൻ മേനോൻ
നിർമാണം തുടങ്ങുന്നതിനുമുൻപ് കൃത്യമായ മണ്ണുപരിശോധന നടന്നിരുന്നെങ്കിൽ ഇങ്ങനെയൊരു അപകടം നേരത്തേ കണ്ടെത്താമായിരുന്നു. ഒന്നുകിൽ മണ്ണുപരിശോധന ശരിയായരീതിയിലല്ല നടന്നത്. അല്ലെങ്കിൽ, പരിശോധനയുടെ ഫലങ്ങൾ അവഗണിക്കപ്പെട്ടു.
ഇത് പലതവണ സംഭവിക്കുന്നതെന്തുകൊണ്ട്?
കേരളത്തിലെ പല റോഡ്, അടിസ്ഥാനസൗകര്യ വികസനപദ്ധതികളിലും ശാസ്ത്രീയമായ എൻജിനിയറിങ് രീതികൾ പാലിക്കപ്പെടാറില്ല. മണ്ണ് അടിഞ്ഞുകൂടുന്നതുപോലെയുള്ള ദീർഘകാല പ്രത്യാഘാതങ്ങളും ഗൗരവമായെടുക്കുന്നില്ല. മണ്ണിന്റെ ദീർഘകാല സ്വഭാവവും (long-term behaviour) പരിഗണിക്കപ്പെടാറില്ല. ദീർഘകാല സെറ്റിൽമെന്റ് തകരാറുകളുണ്ടാവുന്നത് ഇതുമൂലമാണ്. യാതൊരു അധികഭാരം ഏർപ്പെടുത്താതിരുന്നാലും ഉറപ്പില്ലാത്ത ചെളിമണ്ണ് അഞ്ചുമുതൽ എട്ടുവർഷത്തിനുള്ളിൽ തനതു ഭാരംകൊണ്ടുമാത്രം 20-30 സെന്റീമീറ്റർവരെ താഴ്ന്നുപോകാം.
കാലം മാറി, കഥ മാറിയില്ല
നമ്മുടെ നിർമാണരീതികൾ ഏറെ വികസിച്ചിട്ടുണ്ട്. എന്നാൽ, പരിശോധന, രൂപകല്പന രീതികൾ അതിനൊത്തു വളർന്നിട്ടില്ല. കൃത്യമായവിവരങ്ങൾ അടിസ്ഥാനമാക്കി, അനുയോജ്യ ഡിസൈനുകൾക്ക് ഉപയോഗിക്കുന്നതിനുപകരം, ഇപ്പോഴും ഊഹങ്ങളെയും അബദ്ധധാരണകളെയുമാണ് ആശ്രയിക്കുന്നത്.
കേരളത്തിലെ പലനിർമിതികളും ഇപ്പോൾ കുഴപ്പമില്ലെന്നുതോന്നാമെങ്കിലും മോശം ഭൗമസാങ്കേതിക ആസൂത്രണം കാരണം അവ ഓരോന്നും ഓരോ ടൈം ബോംബായി മാറിയേക്കാം.