കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ കരിപ്പൂർ ഹജ്ജ് ഹൗസിൽ ഹജ്ജ് ക്യാമ്പ് നടത്തുന്നതിനോടനുബന്ധിച്ച് സംഘാടകസമിതി രൂപവത്കരിച്ചു. 10 ഉപസമിതികളടങ്ങുന്നതാണ് സംഘാടകസമിതി. ഹജ്ജ്കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനംചെയ്തു. ടി.വി. ഇബ്രാഹിം എംഎൽഎ അധ്യക്ഷനായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ഷംസുദ്ദീൻ അരിഞ്ചിറ, പി. മൊയ്തീൻകുട്ടി, ജാഫർ കക്കൂത്ത്, അസ്കർ കോറാട് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് (ചെയ.), ഉമർ ഫൈസി മുക്കം, അഷ്കർ കോറാട്, പി. മൊയ്തീൻകുട്ടി, പി.ടി. അക്ബർ (ജന. കൺ.).
കരിപ്പൂരിൽ നിന്നുള്ള ആദ്യവിമാനം പത്തിന് പുലർച്ചെ 1.10-ന് പുറപ്പെടും. മേയ് 22-നാണ് അവസാന വിമാനം. 31 വിമാനങ്ങളിലായി 5,361 തീർഥാടകർ കരിപ്പൂർ വിമാനത്താവളം വഴി യാത്രതിരിക്കും.