തിരൂരങ്ങാടി: ദേശീയപാതയിൽ മലപ്പുറം കൂരിയാട്ട് റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചേളാരിയിൽ നിന്ന് തിരിഞ്ഞ് കൂട്ടുമൂച്ചി, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം. കോട്ടക്കൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തലപ്പാറ, മൂന്നിയൂർ, ആലിൻചുവട്, ചെമ്മാട് വഴി തിരൂരങ്ങാടിയിലൂടെ കക്കാട്ടെത്തിയാണ് പോകേണ്ടത്. വേങ്ങര, കൊണ്ടോട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുറം ജങ്ഷനിൽ നിന്ന് കുന്നുംപുറം എയർപോർട്ട് റോഡ് വഴി പോകണം.
തിങ്കളാഴ്ച ഉച്ചയോടെയാണ് കൂരിയാട് റോഡ് തകർന്നത്. അപകടത്തിൽ സർവിസ് റോഡിലൂടെ സഞ്ചരിച്ച രണ്ട് കാറുകളാണ് തകർന്നത്. കല്ലും മണ്ണും കോണ്‍ക്രീറ്റ് കട്ടകളും കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന 4 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് നിസാര പരിക്കാണുള്ളത്. വയൽ നികത്തി നിർമിച്ച സർവിസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ, ഏറെ ഉയരത്തിൽ നിർമിച്ച ദേശീയപാതയുടെ മതിലും സർവിസ് റോഡിലേക്ക് നിലംപൊത്തുകയായിരുന്നു