മലപ്പുറം: സഊദി ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം ഇത്തവണത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്രാവശ്യം ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അവസരം ലഭിച്ചത്.
28ന് ദല്‍ഹി സഊദി എംബസിയില്‍ അംബാസഡറുടെ നേതൃത്വത്തില്‍ ഔദ്യോഗിക യാത്രയയപ്പിന് ശേഷം അന്ന് തന്നെ ജിദ്ദയിലേക്ക് തിരിക്കും. യാത്രയയപ്പ് ചടങ്ങിനായി തങ്ങള്‍ 27ന് ദല്‍ഹിയിലെത്തും. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനൊപ്പം വിശിഷ്ഠ വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള അവസരവും യാത്രയിലുണ്ടാകും. തുടര്‍ന്ന് മടക്കയാത്രയും ദല്‍ഹി വഴിയായിരിക്കും.