തിരൂരങ്ങാടി: മമ്പുറം ഖുതുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 187-ാം ആണ്ടുനേർച്ച ഈ മാസം 26-ന് കൊടിയേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് നാലിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മഖാം സിയാറത്തിനുശേഷം മമ്പുറം സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങൾ കൊടിയേറ്റും. രാത്രി സ്വലാത്ത് സദസ്സിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ നേതൃത്വംനൽകും. 27-ന് രാത്രി മജ്‌ലിസുന്നൂർ ആത്മീയസദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വംനൽകും.
28-ന് മജ്‍ലിസുൽ ഇശ്ഖ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. 29, 30, ജൂലായ് ഒന്ന് തീയതികളിൽ രാത്രി 7.30-ന് മതപ്രഭാഷണങ്ങൾ നടക്കും. 30-ന് രാവിലെ 10-ന് മമ്പുറം തങ്ങളുടെ ജീവിതവും ദർശനവും അടിസ്ഥാനമാക്കി ചരിത്രസെമിനാർ നടക്കും. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ജൂലായ് രണ്ടിന് രാത്രി നടക്കുന്ന മമ്പുറം തങ്ങൾ അനുസ്‌മരണവും ഖുർആൻ മനഃപാഠമാക്കിയവർക്കുള്ള ബിരുദദാനവും സമസ്ത ട്രഷറർ പി.പി. ഉമർ മുസ്‍ലിയാർ ഉദ്ഘാടനംചെയ്യും.
സമാപനദിവസമായ ജൂലായ് മൂന്നിന് രാവിലെ എട്ടിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അന്നദാനം ഉദ്ഘാടനംചെയ്യും. സമാപനപ്രാർഥനയ്ക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ നേതൃത്വംനൽകും. മമ്പുറം തങ്ങൻമാരുടെ ജീവിതവും ചരിത്രവും പഠനവിധേയമാക്കുന്ന 'മമ്പുറം തങ്ങൾ സെന്റർ ഫോർ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ് കേന്ദ്രം' ആണ്ടുനേർച്ചയോടനുബന്ധിച്ച് മഖാമിനു സമീപം പ്രവർത്തനം തുടങ്ങും.
പത്രസമ്മേളനത്തിൽ യു. മുഹമ്മദ് ശാഫി ഹാജി, സി.കെ. മുഹമ്മദ് ഹാജി, കബീർ ഹാജി ഓമച്ചപ്പുഴ, പി. ഇസ്ഹാഖ് ബാഖവി, സയ്യിദ് ശാഹുൽഹമീദ് ഹുദവി, ശറഫുദ്ദീൻ ഹുദവി തുടങ്ങിയവർ പങ്കെടുത്തു.