തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള സപ്ലിമെൻററി അലോട്ട്മെൻറിനായി അവശേഷിക്കുന്നത് 57,920 സീറ്റുകൾ. അതേസമയം, സപ്ലിമെൻററി അലോട്ട്മെൻറിനുള്ള അപേക്ഷ സമർപ്പണം ശനിയാഴ്ച ആരംഭിച്ചപ്പോൾ നിലവിലുള്ള ഒഴിവിനേക്കാൾ അപേക്ഷ ലഭിച്ച മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ സീറ്റ് തികയില്ലെന്നും വ്യക്തമായി.
മൂന്നാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായപ്പോൾ ബാക്കി വന്ന സീറ്റുകളും സ്പോർട്സ് േക്വാട്ട, എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി േക്വാട്ട സീറ്റുകളിൽ ബാക്കിയുള്ളവയും ചേർത്താണ് സപ്ലിമെൻററി അലോട്ട്മെൻറിനുള്ള ഒഴിവുകൾ പ്രസിദ്ധീകരിച്ചത്. പട്ടികജാതി, വർഗ വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 418 സീറ്റുകളും ബാക്കിയുണ്ട്.
സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള അപേക്ഷ സമർപ്പണം ശനിയാഴ്ച ആരംഭിച്ചപ്പോൾ വൈകീട്ട് ഏഴ് വരെ 45,592 പേർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം. സീറ്റ് ക്ഷാമം കൂടുതലുള്ള മലപ്പുറത്ത് 8703 സീറ്റുകൾ ബാക്കിയുള്ളപ്പോൾ ശനിയാഴ്ച വൈകീട്ട് വരെ 11,233 പേർ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുണ്ട്.
Also Read - പ്ലസ് വൺ; സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ഇന്ന് മുതൽ
രണ്ട് ദിവസം കൂടി പിന്നിടുമ്പോൾ ജില്ലയിലെ അപേക്ഷകരുടെ എണ്ണം ഇനിയും ഉയരും. നിലവിലുള്ള സീറ്റുകളിലേക്ക് പൂർണമായും പ്രവേശനം നൽകിയാലും 8000 വരെ സീറ്റിന്റെ കുറവുണ്ടാകുമെന്നാണ് സൂചന.
കോഴിക്കോട് ജില്ലയിൽ 5352 സീറ്റുകൾ ബാക്കിയുള്ളപ്പോൾ ശനിയാഴ്ച വൈകീട്ട് വരെ 6400 അപേക്ഷകരായി. പാലക്കാട് ജില്ലയിൽ 3850 സീറ്റുകൾ ബാക്കിയുള്ളതിലേക്ക് 7197 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അപേക്ഷാ സമർപ്പണം പൂർത്തിയാകുന്നതോടെ സീറ്റ് ക്ഷാമം സംബന്ധിച്ച കൂടുതൽ വ്യക്തത വരും.