നാട്ടിലെ നാൽപ്പതോളം കാരണവൻമാരെ ചേർത്ത് പിടിച്ച് ചെറുപ്പക്കാരുടെ കൂട്ടായ്മ. കുറ്റൂർ നോർത്തിലെ മുതിർന്ന പൗരൻമാർക്കൊരു സൗജന്യ ഉല്ലാസയാത്രയൊരുക്കി കുറ്റൂർ നോർത്ത് ചീനിച്ചോട് കൂട്ടായ്മയിലെ യുവാക്കൾ.
നാട്ടിലെ താൽപര്യമുള്ള എല്ലാ വിഭാഗം മുതിർന്ന പൗരൻമാർക്കും ഒരു മുഴുദിന സന്തോഷം നൽകാൻ ഈ യാത്രക്ക് കഴിഞ്ഞു. പ്രായാധിക്യം കാരണം യാത്രകൾ ഒഴിവാക്കി, നാട്ടിലും വീട്ടിലും ഒതുങ്ങി കൂടിയവരും കൂട്ടത്തിലുണ്ട്.
അതിരാവിലെ നിശ്ചയിച്ചതിലും നേരത്തെ തന്നെ കുറ്റൂർ ചീനിച്ചോട്ടിൽ അവരെത്തി. വാഹനം വരാൻ അൽപം വൈകുമ്പോഴേക്ക് അവർ അസ്വസ്ഥരായി.
ബസിൽ കയറി തെല്ലഭിമാനത്തോടെ അവർ സീറ്റിൽ ഇരിപ്പുറപ്പിച്ചു. യാത്ര കോഴിക്കോട്ടേക്ക്....
കാപ്പാട്, അകലാപ്പുഴ ബോട്ട് യാത്ര, ബീച്ച്, ഹൈലൈറ്റ് മാൾ ...
എല്ലാം നന്നായി അവരാസ്വദിച്ചു.
നടക്കാൻ ഊന്നുവടി ഉപയോഗിച്ച ചിലർ അന്നേ ദിവസം അതില്ലാതെ നടക്കുന്ന കാഴ്ച്ച, പാട്ട് പാടി ആടുന്നവർ, മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നവർ, വീട്ടുകാരുടെ ഭക്ഷണ നിയന്ത്രണം ഒരു ദിവസത്തേക്ക് മാറ്റി വെച്ചവർ, യാത്രക്കിടെ വീട്ടിലേക്ക് വീഡിയോ കാൾ ചെയ്ത് പേരമക്കളെ കൊഞ്ചിക്കുന്നവർ, മരുന്നും മന്ത്രവും അന്നേക്ക് ഗൗനിക്കാത്തവർ......
സന്തോഷത്തോടെ യാത്ര ആസ്വദിച്ചു. ശാരീരിക പ്രവയാസങ്ങൾ മറന്നു. മനസും വയറും നിറച്ച് ഹൃദയം കൊണ്ട് അവർ സൗഹൃദം പങ്കുവെച്ചു. സംഘാടകൾ അവരോടൊപ്പം ചേർന്നപ്പോൾ എല്ലാവർക്കും ഒരേ പ്രായം!!
തിരിച്ചെത്താൻ രാത്രി വൈകിയപ്പോഴും പരിഭവമില്ല. ജീവിതത്തിൽ ഇത്ര സന്തോഷമുണ്ടായ ദിനം അപൂർവ്വമെന്ന് അവരോരുത്തരും സാക്ഷ്യപ്പെടുത്തി.
രണ്ടാം വാർഡ് മെമ്പർ കെ.വി. ഉമ്മർകോയ , അഫ്സൽ കെ.പി.എം, അരീക്കൻ ഷരീഫ് ഹാജി, റഹീം പി.കെ, മൊയ്തീൻകുട്ടി അരിക്കൻ ജാഫർ കെ.സി, നിഷാദ് കെ. പി , ഫസലുറഹ്മാൻ, അറഫാത്ത് കെ.പി, അബ്ദുൽ മജീദ് കെ.പി, ജാഫർ ഇർവെർടെക് ,ഷംസുദ്ദീൻ പി, അവറാൻ കുട്ടി എം.കെ.,സിദ്ദീഖ് വയലോരം എന്നിവർ നേതൃത്വം നൽകി.