തിരൂരങ്ങാടി : മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 187-ാം ആണ്ടുനേർച്ചയോടനുബന്ധിച്ചുള്ള മതപ്രഭാഷണങ്ങൾ ഞായറാഴ്ച തുടങ്ങി. നേർച്ചയോടനുബന്ധിച്ചുള്ള ആത്മീയസദസ്സുകളിൽ പങ്കെടുക്കുന്നതിനും മഖാം സന്ദർശനത്തിനും ദിവസവും നൂറുക്കണക്കിനാളുകൾ എത്തുന്നുണ്ട്. ‘മജ്‌ലിസുൽ ഇശ്ഖ്’ ആത്മീയസദസ്സ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. ഞായറാഴ്ച രാത്രി ആരംഭിച്ച മതപ്രഭാഷണപരമ്പര പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. തിങ്കളാഴ്ച പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. അബ്ദുസമദ് പൂക്കോട്ടൂർ മതപ്രഭാഷണം നടത്തും. ചൊവ്വാഴ്ച രാത്രി നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തും. ആണ്ടുനേർച്ചയുടെ സമാപനദിവസമായ വ്യാഴാഴ്ച രാവിലെ എട്ടിന് അന്നദാനം ആരംഭിക്കും.
‘മമ്പുറം തങ്ങളുടെ ലോകം’ സെമിനാർ ഇന്ന്
തിരൂരങ്ങാടി: മമ്പുറം ആണ്ടുനേർച്ചയോടനുബന്ധിച്ചുള്ള ചരിത്ര സെമിനാർ തിങ്കളാഴ്ച രാവിലെ 9.30-ന് നടക്കും. ‘മമ്പുറം തങ്ങളുടെ ലോകം’ എന്നപേരിലുള്ള സെമിനാർ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി ഉദ്ഘാടനംചെയ്യും. ഡോ. എം.എച്ച്. ഇല്യാസ്, ഡോ. അഭിലാഷ് മലയിൽ, സർഫറാസ് എന്നിവർ വിഷയാവതരണം നടത്തും.