കൊളപ്പുറം : കോഴിക്കോട് വിമാനത്താവളത്തിലെത്തി വേഗത്തിൽ സംസ്ഥാനപാതയിലൂടെ ലക്ഷ്യസ്ഥാനത്തെത്താൻ യാത്രചെയ്യുന്നവർ കൊളപ്പുറത്തെത്തിയാൽ നട്ടംതിരിയുകയാണ്. ഇതുപോലെ നാട്ടിൽനിന്ന് തൊട്ടടുത്ത വിമാനത്താവളത്തിലെത്താൻ സംസ്ഥാനപാതയിലൂടെ സഞ്ചരിക്കുന്നവർക്കും ഇതേഗതിയാണ്. ദേശീയപാതയിലൂടെ കുറ്റിപ്പുറം, വളാഞ്ചേരി ഭാഗത്തുനിന്ന് വരുന്നവരും തീവണ്ടിയിൽ പരപ്പനങ്ങാടിയിറങ്ങി വരുന്നവരും തിരിച്ചുമുള്ള യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
അതിരാവിലെയും അർധരാത്രിയിലുമൊക്കെയാണ് ഇവർക്ക് ഇതുവഴി യാത്രചെയ്യേണ്ടിവരിക. ആ സമയത്ത് കൊളപ്പുറത്തെത്തിയായാൽ ഒരാൾപോലും ഇവർക്ക് വഴികാണിക്കാനുണ്ടാവില്ല. കൂരിയാട് ദേശീയപാത തകരുന്നതിന് മുൻപേ തലങ്ങുംവിലങ്ങും വെച്ച അതേ സ്ലാബുകളാണ് ഇപ്പോഴും നിലവിലുള്ളത്. വ്യക്തമായ സൂചനാബോർഡുകൾ വേണ്ടസ്ഥാനത്ത് സ്ഥാപിച്ചിട്ടില്ല. കൊളപ്പുറത്തെത്തി യാത്ര തുടരാനുള്ള വഴികളാണെങ്കിലോ കുണ്ടുംകുഴിയും വലിയ വെള്ളക്കെട്ടുകളും നിറഞ്ഞതും. വിമാനത്തവളത്തിൽനിന്നുള്ള യാത്രക്കാർക്കുപുറമേ കൊണ്ടോട്ടി, കുന്നുംപുറം, എ.ആർ. നഗർ തുടങ്ങിയ ഭാഗങ്ങളിലുള്ളവർക്കും ചെമ്മാട്, തിരൂരങ്ങാടി തുടങ്ങിയ ഭാഗത്തുള്ളവർക്കും അപ്പുറത്തേക്കും ഇപ്പുറത്തേക്കും യാത്രചെയ്യാനുള്ള ഏക വഴിയാണിത്. കോടതിയിൽ കേസ് നടക്കുന്നതിനാൽ സംസ്ഥാനപാതയോടുള്ള അവഗണന അധികൃതർ തുടരുന്നതായാണ് നാട്ടുകാരുടെ ആരോപണം. തകർന്ന ദേശീയപാത നന്നാക്കി ഇനി ഇതുവഴി പഴയപോലെയുള്ള സുഗമമായ യാത്രയ്ക്ക് കാലങ്ങൾ കാത്തിരിക്കണമെന്നിരിക്കേ നിലവിലുള്ള വഴിയിലൂടെ തടസ്സമില്ലാതെ യാത്രചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.