വേങ്ങര: രാത്രി കാലങ്ങളിൽ മലയിൽ നിന്നിറങ്ങുന്ന കാട്ടുജീവികളെക്കൊണ്ട് പൊറുതി മുട്ടിയ കർഷകർ കൃഷിപ്പണികൾ നിർത്തി മറ്റു തൊഴിലുകളിലേക്ക് നീങ്ങുന്നു. ചേറൂർ മഞ്ഞേങ്ങര പാടത്താണ് ഇക്കുറി കൃഷിപ്പണികൾ ഒട്ടും നടക്കാതെ കാട് മൂടിയത്. മാത്രമല്ല കാട്ടുജീവികളുടെ ശല്ല്യം അവസാനിക്കാതെ ഇനി കൃഷിയിലേക്ക് ഇല്ലെന്നാണ് കർഷകരുടെ നിലപാട്. മരച്ചീനി, വാഴ, പച്ചക്കറികൾ എന്നിവ വൻതോതിൽ കൃഷി ചെയ്തിരുന്ന വയൽ ആണ് തരിശ് ആയിപ്പോവുന്നത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഈ പാടത്തോട് ചേർന്ന കോട്ടക്കൽമലയിൽ നിന്നാണ് രാത്രികാലങ്ങളിൽ പന്നി, കുരങ്ങ്, മയിൽ എന്നിവ ധാരാളമായി വയലിൽ ഇറങ്ങുന്നത്. വിളകൾ തിന്ന് നശിപ്പിക്കുന്നതിനു പുറമെ വാഴ, മരച്ചീനി എന്നിവ പന്നികൾ കൂട്ടമായി വന്നു കുത്തി മറിച്ചു നശിപ്പിക്കുകയാണെന്ന് കർഷകർ പരാതി പറയുന്നു. കടം വാങ്ങിയും ലോൺ എടുത്തും കഴിഞ്ഞ തവണ കൃഷി ചെയ്തെങ്കിലും ജന്തുക്കളുടെ ശല്ല്യം കാരണം കൃഷി മൊത്തമായി നശിച്ചതായി കർഷകനായ വാഴത്തൊടി ചന്ദ്രൻ മാധ്യമത്തോട് പറഞ്ഞു. ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം നില നിൽക്കുന്ന കോട്ടക്കൽ മല ഇപ്പോൾ വനം വകുപ്പിന്റെ കൈവശമാണുള്ളത്. മലയുടെ അടിവാരത്തിലുള്ള കൃഷി ഭൂമിയിൽ കാട്ടു ജീവികളുടെ ശല്ല്യം കുറക്കുന്നതിനു സോളാർ വേലി നിർമ്മിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ടെന്നു ഈ പ്രദേശത്തെ കർഷകരായ കാളങ്ങാടൻ ഗോപാലൻ, കല്ലുവളപ്പിൽ വിജയൻ, കെ. വിജയൻ എന്നിവർ പറയുന്നു. കണ്ണമംഗലം മൂന്നാം വാർഡിൽ മഞ്ഞേങ്ങര, കുപ്പേരി പാടശേഖരങ്ങളിലെ കാട്ടു ജീവികളുടെ ശല്ല്യം അവസാനിപ്പിക്കുന്നതിനു ഗ്രാമ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്നും, കർഷകരെ പരിഗണിക്കുകയും, വയലുകൾ സംരക്ഷിക്കുകയും ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
പന്നി, കുരങ്ങ്, മയിൽ ശല്ല്യം കൂടി : ചേറൂർ മഞ്ഞേങ്ങരപ്പാടം നശിക്കുന്നു
admin