കൂരിയാട്: കോഴിക്കോട്-തൃശ്ശൂർ ദേശീയപാതയിൽ കൂരിയാട് സർവീസ് റോഡുകൾ തുറക്കാൻ ഇനിയും വൈകുമെന്ന് അധികൃതർ.
കോഴിക്കോടുനിന്ന് തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങൾ കടന്നുപൊയ്‌കൊണ്ടിരുന്ന പാതയായിരുന്നു ഇത്.
എന്നാൽ പുനർനിർമിച്ചുകൊണ്ടിരുന്ന ദേശീയപാത തകർന്നടിഞ്ഞ് സർവീസ് റോഡിലേക്ക് പതിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
ഇതുവഴിവരുന്ന വാഹനങ്ങൾ ഗതാഗക്കുരുക്കേറിയ ചെമ്മാട്, തിരൂരങ്ങാടി തുടങ്ങിയ അങ്ങാടികളിലൂടെ വഴിതിരിച്ചുവിടാൻ തുടങ്ങിയതോടെ സാധാരണയാത്രക്കാർ കൂടുതൽ കുരുക്കിലകപ്പെടുകയും പ്രതിഷേധവുമായി രംഗത്തെത്തുകയുംചെയ്തു.
ഇതിന് പരിഹാരമായി എത്രയുംപെട്ടെന്ന് കൂരിയാട് സർവീസ് റോഡ് ജൂൺ ആദ്യവാരത്തിൽതന്നെ സുരക്ഷയൊരുക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയതോടെ ജനം പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ ജൂൺ രണ്ടാംവാരമായെങ്കിലും ഇതുവരെ സർവീസ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടില്ല.
തകർന്ന പാതയിലെ കാൽഭാഗം മണ്ണുപോലും ഇതുവരെ മാറ്റിയിട്ടില്ല. ഇത്തരത്തിലാണ് പണി പോകുന്നതെങ്കിൽ മാസങ്ങൾ കഴിഞ്ഞാലും സർവീസ് റോഡുകൾ ഗതാഗതത്തിനായി തുറന്നു നൽകാനാവില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എന്നാൽ ഈ ഭാഗത്തെ പണി എത്രയുംവേഗം തീർത്ത് പൊതുജനങ്ങളുടെ യാത്ര സുഗമമാക്കാനാണ് ശ്രമമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. വളരെ വേഗത്തിലാണ് ആദ്യഘട്ടം പണി തീർത്തത്. പിന്നീട് കാലാവസ്ഥ തടസ്സമായി. കൂടാതെ പുതിയ പ്രൊജക്ട് ഡയറക്ടർ ഇതുവരെ ചുമതലയേൽക്കാത്തതും പണിവൈകാൻ കാരണമാണെന്ന് അധികൃതർ അറിയിച്ചു.