തേഞ്ഞിപ്പലം: പാഠപുസ്തകങ്ങൾക്കപ്പുറം വായനയുടെ വിശാലമായ ലോകം കുട്ടികളിലേക്ക് എത്തിക്കാൻ, എളമ്പുലാശ്ശേരി എ എൽ.പി. സ്കൂൾ വേറിട്ടൊരു മാതൃക തീർത്തു.
വായനാവാരത്തോടനുബന്ധിച്ച് കുട്ടികൾ സ്വയം നിർമ്മിച്ച വായനാ കൂടാരം' ഇപ്പോൾ നാട്ടിലെങ്ങും ചർച്ചാവിഷയമാണ്. പുസ്തകങ്ങളെ ജീവനോടെ കാണാനും കഥകളിൽ മുഴുകാനും കുട്ടികളെ പ്രേരിപ്പിക്കുന്നതാണ് വായന കൂടാരം.
സാധാരണ ലൈബ്രറി സങ്കൽപ്പങ്ങളെ മാറ്റിമറിച്ചുകൊണ്ട്, വർണ്ണശബളമായ തുണിത്തരങ്ങളും കുട്ടികൾ വരച്ച ചിത്രങ്ങളും കൊണ്ട് ആകർഷകമായാണ് ഈ കൂടാരം ഒരുക്കിയത്. ഇതിനുള്ളിൽ പ്രവേശിക്കുമ്പോൾ, ഓരോ കുട്ടിക്കും താൻ ഒരു കഥയുടെ ഭാഗമാണെന്ന അനുഭൂതി ലഭിക്കുന്നു. കൂട്ടമായിരുന്ന് വായിക്കാനും, കഥാപാത്രങ്ങളായി മാറാനും, തങ്ങളുടെ ഭാവനകൾക്ക് ചിറകു നൽകാനും ഈ കൂടാരം കുട്ടികൾക്ക് അവസരം നൽകുന്നു.
വായനയെ ഒരു പാഠ്യേതര പ്രവർത്തനമെന്നതിലുപരി, സന്തോഷകരമായൊരു വിനോദമാക്കി മാറ്റുക എന്ന ദർശനമാണ് ഈ സംരംഭത്തിന് പിന്നിൽ. വായനാവാരത്തോടനുബന്ധിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള രചനാ മത്സരങ്ങൾ, അക്ഷര മുത്തശ്ശി, വായന വണ്ടി, അമ്മ വായന, ഒരു ദിനം ഒരു അറിവ്, വായനത്തൊട്ടിൽ, വായന ചലഞ്ച്, പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു. സീനിയർ ചേമ്പർ ഇന്റർനാഷണൽ രാമനാട്ടുകര ലീജിയൻ പ്രസിഡണ്ട് സി കെ ഷാഹിൻ അജന്ത പുസ്തകങ്ങൾ നൽകിക്കൊണ്ട് വായന കൂടാരം ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ലേ കാഞ്ചീസ് എം ഡി ടി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ ജയശ്രീ, പി മുഹമ്മദ് ഹസ്സൻ, കെ മുരളീധരൻ, എം അഷറഫ് ഖാൻ, വി സുരേഷ്, ഇ എൻ ശ്രീജ, കെ അമ്പിളി,വി ലാൽ കൃഷ്ണ, എ ദീപു, അശ്വിൻ ദാസ് എന്നിവർ പ്രസംഗിച്ചു.