നടുക്കുന്ന കാഴ്ചകൾ ഇനി ഓർമ്മകൾ മാത്രം: ഇറാനിലെ പൊട്ടിത്തെറികൾക്കിടയിൽ നിന്നും അഫ്സൽ വീട്ടിലെത്തി

വേങ്ങര : തെഹ്റാനിൽ പൊട്ടിത്തെറികൾക്ക് മധ്യേ രണ്ടാഴ്ചക്കാലം തീ തിന്ന് കഴിഞ്ഞ അഫ്സലും മുഹമ്മദും സുരക്ഷിതമായി കുടുംബങ്ങളിലെത്തി. മലപ്പുറം ജില്ലയിൽ എ. ആർ നഗർ ചെണ്ടപ്പുറായ സ്വദേശി ഈന്തുംമുള്ളൻ സൈദലവിയുടെ മകൻ അഫ്സൽ (38) ചൊവ്വാഴ്ച പുലർച്ചെ 4 മണിയോടെ സ്വന്തം വീട്ടിലെത്തി. പറപ്പൂർ ചോലക്കുണ്ട് സ്വദേശി മുഹമ്മദ്‌ (48) തിങ്കളാഴ്ച ദുബായിലും തിരിച്ചെത്തി. ഇദ്ദേഹം കുടുംബത്തോടൊപ്പം ദുബായിൽ തങ്ങി. ദുബായിൽ നെക്സ്റ്റ് പവർ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും ജോലിയുടെ ഭാഗമായാണ് ജൂൺ ഒമ്പതിനു ഇറാനിലേക്ക് തിരിച്ചത്. ഒരാഴ്ച ഇറാനിൽ തങ്ങി ദുബായിലേക്ക് തന്നെ തിരിച്ചു വരാനായിരുന്നു ഇവരുടെ പ്ലാൻ. ജൂൺ 16 നു തിരിച്ചു വരാനിരിക്കെ ജൂൺ 13 നു ഇസ്രായേൽ, ഇറാനിലെ ടെൽ അവീവിൽ ആക്രമണം അഴിച്ചു വിട്ടതോടെയാണ് ഇവർ രണ്ടു പേരും ഇറാനിൽ കുടുങ്ങിപ്പോയത്. അതിനിടെ ഇറാൻ വിമാന യാത്രകൾ നിർത്തി വെക്കുക കൂടി ചെയ്തതോടെ ഇവരുടെ തിരിച്ചു വരവ് അവതാളത്തിലായി. തിങ്കളാഴ്ച ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ, തിരിച്ചുവരവിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോഴുള്ള സ്ഥലത്ത് തന്നെ തുടരാനാണ് അവർ ആവശ്യപ്പെട്ടത്. തെഹ്‌റാനിൽ മിസൈൽ വർഷം ആരംഭിച്ചതോടെ റോഡ് മാർഗമുള്ള ഗതാഗതവും തടസ്സപ്പെട്ടു. അതിനിടെ ഇന്ത്യൻ എംബസിയുടെ ഓഫീസിൽ പോകാനിരിക്കെ കേവലം നൂറ് മീറ്ററർ അകലെ വൻ സ്ഫോടനമുണ്ടായത് മരണം മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നുവെന്നു ഇവർ പറയുന്നു. തൊട്ടടുത്ത് തന്നെയുള്ള ഭൂഗർഭ മെട്രോയിൽ എത്തിയതോടെയാണ് ഇരുവരും സുരക്ഷിതരായത്. പിന്നീട് മിയ്ക്കവാറും ദിവസങ്ങളിൽ തലയ്ക്ക് മുകളിൽ ചീറിപ്പായുന്ന മിസൈലുകൾ, തൊട്ടടുത്ത ഇടങ്ങളിൽ പതിക്കുന്നതിൻ്റെ ശബ്‌ദവും വെളിച്ചവും കൊണ്ട് അന്തരീക്ഷം മുഖരിതമായി. അതിനിടെ തെഹ്‌റാനിൽ തുടരുന്നത് ജീവന് ഭീഷണിയാവുമെന്ന് ഉറപ്പായതോടെ ഇവിടെ നിന്ന് കുടുംബസമേതം മറ്റൊരിടത്തേക്ക് മാറിപ്പോവുന്ന പ്രാദേശിക സുഹൃത്തിനൊപ്പം യസ്ദിലേക്ക് പുറപ്പെടുകയായിരുന്നു. യസ്ദ് പൈതൃക നഗരമായതുകൊണ്ട് തന്നെ നിലവിൽ ഇവിടം സുരക്ഷിതമാണെന്നാണ് കരുതപ്പെടുന്നത്. അതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദുബായിലേക്ക് ചെറിയ ഷിപ്പ് മുഖേന യാത്ര തിരിക്കാൻ ഇറാനിലെ ഇവരുടെ സുഹൃത്ത് യാത്ര സൗകര്യമൊരുക്കി. അന്ന് രാത്രി ഷിപ്പ് യാത്ര തിരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് ഷിപ് യാർഡിനടുത്തുള്ള റിഫൈനറിയിൽ ഇസ്രായേൽ ബോംബിടുകയും ഇസ്രായേലിന്റെ ബോംബർ വിമാനം ഇറാൻ റോക്കറ്റാക്രമണത്തിലൂടെ തകർക്കുകയും ചെയ്ത ചുറ്റുപാടിൽ ആ യാത്രയും മുടങ്ങി. പൊട്ടിത്തെറിയെ തുടർന്ന് ഓടി രക്ഷപ്പെടുന്നതിനിടെ വഴിയിൽ തടഞ്ഞു നിർത്തിയ ആയുധ ധാരികളായ ഇറാനിയൻ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു നിർത്തി ദേഹ പരിശോധന നടത്തിയതും, ഹോട്ടൽ മുറിയിലേക്കുള്ള തുടർ യാത്രക്ക് വാഹന സൗകര്യമൊരുക്കിയതും ഞടുക്കത്തോടെയല്ലാതെ അഫ്സലിന് ഓർമിക്കാൻ കഴിയുന്നില്ല. പിന്നീട് ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ ബന്ധർ ലങ്ക ഷിപ് യാർഡിൽ നിന്നും ദുബായ് തീരത്തേക്ക് ചെറിയ യാത്രാകപ്പലിൽ കയറിപ്പറ്റാനായി. അതിനിടെ കടൽ ക്ഷോഭം കാരണം ഒരു ദീപിൽ കപ്പൽ അടുപ്പിച്ചെങ്കിലും വൈകുന്നേരം ഏഴു മണിയോടെ ഷാർജയിൽ കപ്പലടുത്തു. ഷാർജയിൽ കമ്പനി അധികൃതരും സുഹൃത്തുക്കളും ചേർന്ന് ദുബായിലെത്തിക്കുകയും ചെയ്തു. തുടർന്ന് രാത്രി, ദുബായിൽ നിന്നും ഫ്ലൈറ്റ് മുഖേന ചൊവ്വ പുലർച്ചയോടെ കോഴിക്കോട് എയർപോർട്ടിൽ എത്തിച്ചേരുകയായിയുന്നു. ഏകദേശം ഒരാഴ്ചയോളം തീ തിന്നു കഴിയുകയായിരുന്ന തങ്ങളോട് പ്രാർത്ഥനാപൂർവം സന്ദേശങ്ങളയച്ചും വിവരങ്ങൾ അറിയിച്ചും ധൈര്യപ്പെടുത്തിയ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അഫ്സൽ നന്ദി അറിയിച്ചു. തങ്ങളുടെ സംരക്ഷണത്തിനായി സ്വന്തം വീട്ടിൽ നിന്നും കുടുംബത്തെ ബന്ധു വീടുകളിലേക്ക് ഒഴിപ്പിച്ചു തങ്ങൾക്ക് താമസസൗകര്യമൊരുക്കിയ ഇറാനിയൻ കുടുംബത്തെയും അഫ്സൽ നന്ദിയോടെ സ്മരിക്കുന്നു. അതോടൊപ്പം അനുകമ്പാപൂർവം പെരുമാറിയ ഇന്ത്യൻ എംബസി അധികൃതർ, തങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനു കത്തിടപാടുകൾ നടത്തിയ ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി, കെ. സി വേണുഗോപാൽ എം. പി, അധികൃതരുമായി ബന്ധം നില നിർത്തിയ മാധ്യമ പ്രവർത്തകർ എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നു അഫ്സൽ മാധ്യമത്തോട് പറഞ്ഞു. 

 ഇറാനിൽ നിന്നും തിരിച്ചെത്തി കുടുംബത്തോടൊപ്പം ചേർന്ന ഇ. എം അഫ്സൽ മക്കളായ ദിയാനും എനോറക്കുമൊപ്പം എ. ആർ നഗർ ചെണ്ടപ്പുറായയിലെ സ്വന്തം വീട്ടിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}