മലപ്പുറം കോട്ടപ്പടി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിനായി തിങ്കളാഴ്ച വൈകീട്ട് കാത്തുനിൽക്കുന്ന കുട്ടികളും രക്ഷിതാക്കളും
മലപ്പുറം :
തിങ്കൾ, ചൊവ്വ ദിവസങ്ങൾകൊണ്ട് പ്രവേശനം പൂർത്തിയാക്കേണ്ടതിനാൽ മിക്ക സ്കൂളുകളിലും തിങ്കളാഴ്ച വൈകീട്ടുവരെ വലിയ തിരക്കുണ്ടായി. രണ്ട് മുതൽ 14 വരെ ബാച്ചുകളുള്ള സ്കൂളുകൾ ജില്ലയിലുണ്ട്. കുറഞ്ഞ ബാച്ചുള്ള സ്കൂളുകളിൽ പ്രവേശനം വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും കൂടുതൽ ബാച്ചുള്ള സ്കൂളുകളിലാണ് നടപടികൾ വൈകുന്നത്.
ഒന്നുംരണ്ടും അലോട്‌മെന്റിൽ സംവരണ സീറ്റുകളിൽ വിദ്യാർഥികളില്ലാത്ത മേഖലകളിൽ ആകെ സീറ്റുകളുടെ നാലിൽ മൂന്നുഭാഗം മാത്രമേ അലോട്‌മെന്റ് നടന്നിട്ടുള്ളു.
അത്തരം ഒഴിവുകൾ മെറിറ്റ് അടിസ്ഥാനത്തിൽ മാറ്റി അലോട്‌മെന്റ് നടക്കുന്നത് മൂന്നാം ഘട്ടത്തിലാണ്. കൂടാതെ താത്കാലിക അഡ്മിഷനുകൾ സ്ഥിരമാക്കുന്നതും ഈ അലോട്‌മെന്റിലാണ്. 800-ലധികം സീറ്റുകളുള്ള ചില സ്കൂളുകളിൽ പകുതിയോളം കുട്ടികൾമാത്രമേ ഒന്നും രണ്ടും അലോട്‌മെന്റിൽ സ്ഥിരപ്രവേശനം നേടിയിട്ടുള്ളൂ. ബാക്കിവരുന്ന കുട്ടികൾ ഈ രണ്ടു ദിവസത്തിനുള്ളിലാണ് സ്ഥിരമായി ചേരേണ്ടത്.
ഹയർ ഓപ്ഷൻ ലഭിച്ച കുട്ടികൾ പഴയ സ്കൂളിൽനിന്ന് പ്രവേശന രേഖകൾക്കൊപ്പം പുതിയ വിടുതൽ സർട്ടിഫിക്കറ്റും സ്വഭാവ സർട്ടിഫിക്കറ്റും വാങ്ങി പുതിയ സ്കൂളുകളിൽ എത്തണം. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇതിന് സമയം ആവശ്യമുള്ളതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
രേഖകളുടെ പരിശോധന, ഫീസ് ശേഖരണം, അഡ്മിഷൻ രജിസ്റ്റർ പൂർത്തിയാക്കൽ തുടങ്ങിയ പ്രക്രിയ ഒരേസമയം ഒരു കുട്ടിക്ക് മാത്രമാണ് സാധ്യമാവുക. അഡ്മിഷൻ രജിസ്റ്റർ, ഫീസ് രസീത് എന്നിവ ഒരെണ്ണം മാത്രമാണുണ്ടാവുക.
ഇത് ഒന്നിലധികം കുട്ടികൾക്ക് ഒരേസമയം പ്രവേശനം നൽകുന്നതിലും പ്രയാസമുണ്ടാക്കുന്നു. ഇതോടൊപ്പം അഡ്മിഷനെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നതിനും സമയം ആവശ്യമുണ്ട്.
പ്രവേശനം പൂർത്തിയാക്കാൻ കൂടുതൽ ദിവസം ആവശ്യപ്പെട്ട് എച്ച്എസ്എസ്ടിഎ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തി.