കൂരിയാട്: ദേശീയപാത പുനർനിർമാണത്തിനിടെ തകർന്ന കൊളപ്പുറം, കൂരിയാട് ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് അധികൃതർ ഉടൻ തുറന്നുനൽകിയേക്കും. ഈ ഭാഗത്ത് ആറുവരിപ്പാത നിർമിക്കാനായി മണ്ണിട്ടുയർത്തിയ മുക്കാൽഭാഗത്തെയും മണ്ണ് നീക്കംചെയ്തു. മഴകാരണം പ്രവൃത്തി ഉദ്ദേശിച്ച വേഗത്തിൽ പൂർത്തീകരിക്കാനാകാത്തതിനാലാണ് പാത ഗതാഗതത്തിനു തുറന്നുകൊടുക്കാൻ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്.
കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നുനൽകിയാൽ കോഴിക്കോട്ടുനിന്ന് പൊന്നാനിയിലേക്കു പോകുന്ന തകർന്ന ഭാഗത്തെ സർവീസ് റോഡിന്റെ പണി ഉടൻ തുടങ്ങും. ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിട്ട മിക്ക ഗ്രാമീണറോഡുകളും തകർന്നടിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അധികൃതരുടെ പെട്ടെന്നുള്ള ഈ തീരുമാനം. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കൂരിയാട് കവലയിലെ മേൽപ്പാതയ്ക്കായി നിർമിച്ച പാലംമുതൽ കൊളപ്പുറം ഭാഗത്തേക്കുള്ള രണ്ടു കലുങ്കുകൾവരെയുള്ള 400 മീറ്ററോളം ഭാഗത്താണ് മണ്ണുമാറ്റൽ തകൃതിയായി പുരോഗമിക്കുന്നത്. ഇവിടെ 40 മീറ്റർ ഇടവിട്ട് പൈലിങ് ചെയ്യും. ഇത്രയും ഭാഗത്താണ് കോടതി ഉത്തരവുപ്രകാരം വയഡക്ട് നിർമിക്കേണ്ടത്. എന്നാൽ ഇതുവരെ മാത്രം പോരാ എന്നും വയൽഭാഗമുള്ള മുഴുവൻ ഭാഗത്തും റോഡിന് സുരക്ഷയൊരുക്കണമെന്നും സർവീസ് റോഡ് ഉയർത്തിപ്പണിയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.