വെളിച്ചെണ്ണ വില വൻതോതിൽ ഉയർന്നതോടെ വിപണിയിൽ വ്യാജൻ നിറയുന്നു. ഒരു വർഷത്തിനിടെ കിലോക്ക് ₹200 അധികം വർദ്ധിച്ചതോടെ ആരോഗ്യത്തിന് ഹാനികരമായ വ്യാജ വെളിച്ചെണ്ണകൾ ധാരാളമായി നമ്മുടെ അടുക്കളയിൽ എത്തുന്നു. സാധാരണ വെളിച്ചെണ്ണയേക്കാൾ ലിറ്ററിന് 30 രൂപ മുതൽ 50 രൂപ വരെ കുറവിലാണ് ഇവ വിൽക്കുന്നത്.
സർക്കാർ സംരംഭമായ കേരഫെഡിന്റെ "കേര" ബ്രാൻഡിന് സമാനമായ പേരും പാക്കിങ്ങുമായി നിരവധി വെളിച്ചെണ്ണ വിപണിയിലുണ്ട്. പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ ഇവരെ വിൽക്കുന്നുണ്ട്. പക്ഷേ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നാമമാത്രമാണ്.
കേരഫെഡിന്റെ "കേര" വെളിച്ചെണ്ണയാണെന്ന് തോന്നിപ്പിക്കുന്ന വിധം 62 ബ്രാൻഡുകൾ കേരളത്തിൽ വിൽക്കുന്നുണ്ട്. ഇത് സംബന്ധിച്ചു പരാതി നൽകിയിട്ടും വ്യാജ വെളിച്ചെണ്ണയ്ക്ക് കുറവൊന്നുമില്ല. വിലക്കുറവുള്ളതിനാൽ പലരും വ്യാജനാണ് വാങ്ങുന്നത്.
360 മുതൽ 390 രൂപ വരെയാണ് വെളിച്ചെണ്ണയുടെ യഥാർത്ഥ വില. കേരളത്തിൽ തേങ്ങ ഉൽപാദനം കുറഞ്ഞതും കൊപ്ര കിട്ടാനില്ലാത്തതും ആണ് വില വർദ്ധനവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. മലേഷ്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും ചൈന വൻ തോതിൽ തേങ്ങയും വെളിച്ചെണ്ണയും വാങ്ങിയതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറയുകയും അന്താരാഷ്ട്രതലത്തിൽ വില ഉയരുകയും ചെയ്തു.