തേഞ്ഞിപ്പലം : ദേശീയപാത നിർമ്മാണത്തിന് വേണ്ടി കുടുംബസമേതം തേഞ്ഞപ്പലത്ത് എത്തിയ തെലുങ്കാന സ്വദേശിയായ കാർത്തിക് എളമ്പുലാശ്ശേരി സ്കൂളിലെ മൂന്നുവർഷത്തെ പഠനത്തിനു ശേഷം കഴിഞ്ഞ വർഷം നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. ദേശീയപാത നിർമ്മാണ കമ്പനി കെ എൻ ആർ എസിലെ തൊഴിലാളിയായ അച്ഛൻ രാം ബാബുവിനെ മഹാരാഷ്ട്ര പൂനയിലെ മറ്റൊരു നിർമ്മാണ പ്രവർത്തനത്തിന് വേണ്ടി കമ്പനി ഏൽപ്പിച്ചതോടെയാണ് കൂട്ടുകാരെ മുഴുവൻ സങ്കടപ്പെടുത്തിക്കൊണ്ട് കാർത്തിക് എളമ്പുലാശ്ശേരി സ്കൂളിൽ നിന്ന് ടിസി വാങ്ങിപ്പോയത്. നിറകണ്ണുകളോടെ സ്കൂളിൽനിന്ന് തിരിച്ചുപോയ കാർത്തിക് വലിയ സങ്കടത്തിലായിരുന്നു. നാട്ടിലേക്ക് പോയ കാർത്തിക് സ്ഥിരമായി അധ്യാപകരെ ഫോണിൽ വിളിക്കുകയും ആത്മബന്ധം പുലർത്തുകയും ചെയ്തിരുന്നു. ദേശീയപാത കൂരിയാട് റോഡ് തകരുകയും പുതിയ പാലത്തിന്റെ നിർമ്മാണത്തിന് വേണ്ടി കാർത്തികിന്റെ അച്ഛൻ രാം ബാബുവിനെ കെ എൻ ആർ എസ് കമ്പനി തിരിച്ചു വിളിച്ചതോടെയാണ് കാർത്തികനേയും കൂട്ടുകാരെയും സന്തോഷത്തിലാക്കിക്കൊണ്ട് എളമ്പുലാശ്ശേരി സ്കൂളിലെ നാലാം ക്ലാസിലേക്ക് കാർത്തിക് വീണ്ടും തിരിച്ചു വന്നത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മൂന്നുവർഷംകൊണ്ട് അധ്യാപകരുടെയും കൂട്ടുകാരുടെയും കണ്ണിലുണ്ണിയായി മാറിയ കാർത്തികിന് ഗംഭീര സ്വീകരണമാണ് സ്കൂളിൽ ഒരുക്കിയത്. തെലുങ്കാന ആത്മകൂർ മണ്ഡലം സ്വദേശിയായ കാർത്തിക് എളമ്പുലാശ്ശേരി സ്കൂളിലെ മൂന്ന് വർഷത്തെ പഠനം കൊണ്ട് മലയാളം എഴുതാനും വായിക്കാനും പഠിച്ചിരുന്നു. കാർത്തികിനെ മുഖ്യ കഥാപാത്രമാക്കി ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ വിളിച്ചോതുന്ന ടെലിഫിലിമും തയ്യാറാക്കിയിരുന്നു. അച്ഛൻ രാം ബാബു,അമ്മ സുകന്യ എന്നിവരോടൊപ്പം തിരികെ സ്കൂളിൽ എത്തിയ കാർത്തികിനെ സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ, ഹെഡ്മിസ്ട്രസ് കെ ജയശ്രീ, പി മുഹമ്മദ് ഹസ്സൻ, ഇ എൻ ശ്രീജ, എം അഖിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ദേശീയപാത കൂരിയാട് പാല നിർമ്മാണം; കാർത്തിക് വീണ്ടും എളമ്പുലാശ്ശേരി സ്കൂളിലേക്ക്.... കൂട്ടുകാരുടെ ഗംഭീര വരവേൽപ്പ്
admin