കൊണ്ടോട്ടി : അടുത്തവർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കമിട്ട് കേന്ദ്രഹജ്ജ് കമ്മിറ്റി. ഹജ്ജ് അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് അപേക്ഷകർ കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങളാണ് നിർദേശിച്ചിരിക്കുന്നത്.
അപേക്ഷകർക്ക് മെഷീൻ റീഡബിൾ പാസ്പോർട്ട് നിർബന്ധമാണ്. പാസ്പോർട്ടിന് 2026 ഡിസംബർ 31 വരെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം. പുതിയ പാസ്പോർട്ടുകൾക്ക് അപേക്ഷിക്കുന്നവർ നുസൂക് മസാർ പോർട്ടലിൽ വിവരങ്ങൾ നൽകുന്നതിനായി കുടുംബ പേര്, അവസാനനാമം എന്നിവകൂടി ചേർക്കണം. ഈ കോളങ്ങൾ ശുന്യമാക്കിയിടരുത് -തുടങ്ങിയവയാണ് നിർദേശങ്ങൾ.
ഹജ്ജ് അപേക്ഷ സ്വീകരണനടപടികൾ അടുത്ത മാസം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൃഷിവകുപ്പിൽ ഇന്റേൺഷിപ്പ്: മൂന്നുമാസമായിട്ടും പ്രതിഫലമില്ല
എടപ്പാൾ : കൃഷിവകുപ്പിൽ ഇന്റേൺഷിപ്പിനെടുത്തവർക്ക് മൂന്നുമാസമായിട്ടും പ്രതിഫലം ലഭിച്ചില്ല. സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ-കോംപണോന്റ് ഇന്റേൺഷിപ്പ് അറ്റ് കൃഷിഭവൻസ് എന്ന പദ്ധതിപ്രകാരം ജില്ലയിൽ 57 ഇന്റേണുകളെയാണ് നിയമിച്ചിരുന്നത്. പ്രതിമാസം 5,000 രൂപയാണ് സ്റ്റൈപ്പന്റോടുകൂടിയായിരുന്നു നിയമനം.
ഓരോ ബ്ലോക്കിനുകീഴിലും ഒന്നുമുതൽ അഞ്ചുവരെ പേർക്കായിരുന്നു നിയമനം നൽകിയത്. ജില്ലയിൽ 56 കൃഷിഭവനുകളിലും ഇത്തരത്തിൽ ഇന്റേണുകളുണ്ടായിരുന്നു. നിയമനം നടക്കുന്ന കാലയളവിലെ വിവിധ ആവശ്യങ്ങൾക്കായി അതത് മാസം നൽകേണ്ടതാണ് ഈ തുക. 2024 ഒക്ടോബർ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലുള്ളവർ പിരിഞ്ഞ് മൂന്നു മാസമായെങ്കിലും പ്രതിഫലം നൽകിയില്ല.