ഒ. സി ഹനീഫയുടെ മരണം : നാടു നീങ്ങിയത് 40 വർഷത്തെ പത്ര സാന്നിധ്യം

വേങ്ങര: 40 വർഷത്തോളമായി പത്ര വിതരണ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഒ. സി ഹനീഫയുടെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി. എ. ആർ നഗറിലെ കൊളപ്പുറം കേന്ദ്രമായി അനവധി വർഷം പത്ര ഏജന്റ് ആയി സേവനമനുഷ്ടിക്കുകയായിരുന്നു. പത്ര വിതരണക്കാരനായി തുടക്കം കുറിക്കുകയും പിന്നീട് ഏതാണ്ടെല്ലാ പത്രങ്ങളുടെയും ഏജന്റ് ആയി പ്രവർത്തിക്കുകയായിരുന്നു. 

മാധ്യമം ദിനപത്രം തുടക്കം മുതലേ ഏജൻസി എടുക്കുകയും ഇപ്പോഴും വിതരണം തുടരുകയായിരുന്നു. കണ്ണമംഗലം, എ. ആർ നഗർ, വേങ്ങര, പെരുവള്ളൂർ തുടങ്ങിയ പഞ്ചായത്തുകളിൽ പത്ര വിതരണത്തിനു അദ്ദേഹത്തിനു നെറ്റ്‌വർക്ക് സംവിധാനം ഉണ്ടായിരുന്നു. സൈക്കിളിൽ പത്ര വിതരണം തുടങ്ങിയ കാലത്ത്, ഓരോ വീടിന്റെ മുന്നിലും സൈക്കിൾബെൽ മുഴങ്ങുമ്പോൾ ഓടിയെത്തുന്ന കുട്ടികളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയായിരുന്നു. അവരിൽ പലരും പിന്നീട് സർക്കാർ ജോലികളിൽ ഉൾപ്പെടെ എത്തപ്പെട്ടതിനു പിന്നിൽ തന്റെ സൈക്കിൾ ബെല്ലിന്റെ മുഴക്കമുണ്ടെന്നു ഹനീഫ തമാശയായി പറയാറുണ്ടായിരുന്നു. 

ഇരുമ്പുചോലയിലെ യു. പി സ്‌കൂളുമായും നിരന്തര ബന്ധമുണ്ടായിരുന്ന ഒ. സി ഹനീഫയുടെ നിര്യാണം നാട്ടിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ ഉണ്ടാക്കിയ വിടവ് വളരെ വലുതാണെന്ന് നാട്ടുകാർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. 

ഖബറടക്കത്തിനു ശേഷം ഇരുമ്പ്ചോല മദ്രസയിൽ നടന്ന അനുശോചന യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ അസ് ലു ഉദ്ഘാടനം ചെയ്തു. എ.പി ഹംസ അധ്യക്ഷനായി. ടി.പി.എം ബഷീർ, ശരീഫ് കുറ്റൂർ, പൂങ്ങാടൻ ഇസ്മായിൽ, ഹംസ തെങ്ങിലാൻ, കെ ലിയാഖത്തലി, ഇ വാസു, കെ. എം. എ ഹമീദ് , കെ.. കെ സൈതലവി, മുസ്തഫ ഫൈസി, സി ആലി മുസ് ലിയാർ, കെ. സമീർ, കെ. റഫീഖ്, സി.പി വഹാബ്, സി.കെ മുഹമ്മദ് ഹാജി, റഷീദ് കൊണ്ടാണത്ത്, എ.പി അസീസ്, പി. ഷംസു, അസീസ് മംഗലാംകുന്ന്, റഷീദ് ചപ്പങ്ങൻ, കെ.കെ അഷ്റഫ് തങ്ങൾ, കെ.കെ സക്കരിയ എന്നിവർ സംസാരിച്ചു. 

പി. കെ കുഞ്ഞാലിക്കുട്ടി എം. എൽ. എ, പി. ഉബൈദ് എം. എൽ. എ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ സലാം എന്നിവർ പരേതന്റെ വീട് സന്ദർശിച്ചു കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}