വേങ്ങര: മലപ്പുറം പരപ്പനങ്ങാടി റോഡിൽ വേങ്ങര പത്തുമൂച്ചി ഭാഗത്തെ നിലവിലുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായുള്ള ഡ്രൈനേജ് നിർമാണത്തിനും വേങ്ങര മുതൽ കൂരിയാട് വരെ റോഡ് റബ്ബറൈസ്ഡ് ചെയ്ത് നവീകരിക്കുന്നതിനും അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ അറിയിച്ചു.
പത്തുമൂച്ചി ഭാഗത്ത് സ്വകാര്യ നിർമിതികൾ റോഡിനേക്കാളും ഉയർത്തി നിർമിച്ചത് കാരണമുണ്ടായ വെള്ളക്കെട്ട് കാരണം യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിച്ച് കൊണ്ടിരുന്നത്. ഇതിന് താത്ക്കാലിക പരിഹാരമായി എം എൽ എ സ്വന്തമായി പണം മുടക്കി പൈപ്പ് വഴി വെള്ളം ഒഴിവാക്കാൻ സംവിധാനം ഒരുക്കിയിടുണ്ട്.
നാടുകാണി പരപ്പനങ്ങാടി റോഡിലെ ഇത്തരം നവീകരണ പ്രവർത്തികൾ അടിയന്തിരമായി തീർക്കണമെന്ന് എം എൽ എ നിയമസഭയിൽ സബ്മിഷനടക്കം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മലപ്പുറം കളക്ടറേറ്റിൽ പ്രത്യേകം യോഗം വിളിക്കുകയും സ്പെഷ്യൽ ഓഫീസറെ വരെ നിയോഗിക്കുകയും ചെയ്തിരുന്നെങ്കിലും രണ്ട് വർഷത്തോളമായി ഒരു പുരോഗതിയും ഈ വിഷയത്തിൽ ഉണ്ടായിരുന്നില്ല. തുടർന്ന് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട ഭാഗങ്ങളിൽ നവീകരണ പ്രവർത്തിക്കായി പ്രത്യേകം എസ്റ്റിമേറ്റ് തയ്യാറാക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ സമീപിക്കുകയുമായിരുന്നു.
രണ്ടാം ഘട്ടമായി കാരാത്തോട് മുതൽ വേങ്ങര വരേയുള്ള ഭാഗം റബ്ബറൈസ്ഡ് ചെയ്ത് നവീകരിക്കുന്നതിനും തുക വകയിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കാലവർഷം അവസാനിക്കുന്നതോടെ അഞ്ച് കോടിയുടെ പ്രവർത്തി ആരംഭിക്കാൻ കഴിയും.