കൂരിയാട്: ദേശീയപാതയിൽ തകർച്ച നേരിട്ട കൂരിയാട്ട് ഇപ്പോൾ 400 മീറ്റർ വയഡക്ട് നിർമിക്കുന്നത് അശാസ്ത്രീയമായാണെന്നും കൊളപ്പുറം മുതൽ കൂരിയാട് വരെയുള്ള 800 മീറ്ററിലധികം നീളത്തിൽ ഇതു നിർമിച്ചാലേ ദേശീയപാത ഫലപ്രദമായി ഉപയോഗിക്കാനാവൂവെന്നും സംസ്ഥാന പരിസ്ഥിതി പ്രവർത്തകസംഘം അഭിപ്രായപ്പെട്ടു.
പ്രശ്നംനേരിട്ട എആർ നഗർ കൊളപ്പുറം, വേങ്ങര കൂരിയാട് മേഖലകൾ ഗ്രീൻ മൂവ്മെന്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ചെളി നിറഞ്ഞ, വയൽപ്രദേശവും നീർച്ചോലകളും ഉൾപ്പെട്ട പ്രദേശത്ത് ഭൂമിയുടെ ബലക്ഷമത പരിശോധിക്കാതെ പാത നിർമിച്ചതാണ് ദുരന്തത്തിലേക്കു നയിച്ചത്. പാതയിൽ 50 വർഷത്തോളം പഴക്കമുള്ള പാലം അതേപടി നിലനിർത്തുന്നത് ശരിയല്ലെന്നും ഈ ഭാഗത്ത് ശാസ്ത്രീയമായ അഴക്കുചാലുകളും സർവീസ് റോഡുകളും നിർമിച്ചിട്ടില്ലെന്നും സംഘം ചൂണ്ടിക്കാട്ടി.
അഡ്വ. പി.എ. പൗരൻ, ഹേമരാജ്, ഇ.പി. അനിൽ, ടി.വി. രാജൻ, ജമാലുദീൻ എക്സൽ, അൻവർ ഷരീഫ്, ശങ്കരനാരായണൻ, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.