വേങ്ങര: വേങ്ങര ടൗണിലെ ചോർന്നൊലിക്കുന്ന മത്സ്യ മാംസ മാർക്കറ്റ് ഇനി പഴംകഥ. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഹൈ ടെക് മാർക്കറ്റ് നിർമ്മാണം 30 സെന്റ് സ്ഥലത്ത് നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.
മാർക്കറ്റിലെ ജൈവ മാലിന്യങ്ങൾ സ്വകാര്യ ഭൂമിയിലും കിണറുകളിലും പരന്നൊഴുകുന്നു വെന്ന പരാതി ഇനി ഉണ്ടാവാനിടയില്ല. പഴയ മാർക്കറ്റിനകത്ത് ഞെങ്ങി ഞെരുങ്ങി കഴിഞ്ഞിരുന്ന വ്യാപാര സ്ഥാപനങ്ങളിലെ ഖര - ദ്രവ മാലിന്യങ്ങളുടെ സംസ്കരണം പഞ്ചായത്തിനു എന്നും ഒരു കീറാമുട്ടിയായിരുന്നു. ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മാർക്കറ്റ് കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾക്കായി
തനത് ഫണ്ട് ഒരു കോടി രൂപയും ദ്രവ മാലിന്യ സംസ്കരണ പ്ലാന്റിനായി 50 ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നത്.
ആധുനിക രീതിയിൽ സംവിധാനം കണ്ടിട്ടുള്ള ജൈവ മാലിന്യ സംസ്കരണ യൂണിറ്റ് കൂടി ഉൾകൊള്ളുന്ന മാർക്കറ്റ് കെട്ടിടത്തിലെ മാലിന്യ സംസ്കരണം ഇനി ഒരു പ്രശ്നമേ ആവില്ലെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി ഹസീന ഫസൽ ആണയിടുന്നു.
വാഹന പാർക്കിംഗ് സൗകര്യത്തോടുകൂടി 18 കടമുറികളാണ് നിർമ്മിക്കുന്നത്. കൂടാതെ ആവശ്യമായ എണ്ണം ടോയ്‌ലറ്റുകൾ, മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവയും ഇനി മാർക്കറ്റിൽ ഉണ്ടാവും.
മാർക്കറ്റിനു മുന്നിലൂടെ കടന്നു പോകുന്ന മാർക്കറ്റ് റോഡ് അടുത്തിടെ ഇന്റർലോക്ക് ചെയ്തു കേടുപാടുകൾ തീർത്തിട്ടുണ്ട്. എന്നിരുന്നാലും റോഡിന്റെ വീതി കുറവ് ഗതാഗത തടസ്സത്തിനു കാരണമാവുമെന്ന് വ്യാപാരികൾ പറയുന്നു. അത് പോലെ മാർക്കറ്റിനു തൊട്ടടുത്താണ് ഗവ. മോഡൽ ഹൈസ്‌കൂൾ പ്രവർത്തിക്കുന്നത്. സ്‌കൂളിന് മുന്നിലായി ഇടുങ്ങിയ റോഡിലാണ് ഓട്ടോ റിക്ഷ സ്റ്റാന്റ് പ്രവർത്തിക്കുന്നത്.
നേരത്തെ ഈ റോഡിലെ തിരക്ക് പരിഗണിച്ചു ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് പൊലീസ് നിരോധിച്ചിരുന്നെങ്കിലും ഇപ്പോഴും ഈ റോഡിൽ തന്നെയാണ്
ഓട്ടോകൾ പാർക്ക് ചെയ്യുന്നത്. ഓട്ടോ പാർക്കിങ്ങിനു സൗകര്യപ്രദമായ മറ്റൊരു സ്ഥലം അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
പഴയ മാർക്കറ്റ് കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണി
ഇക്കഴിഞ്ഞ ഏപ്രിലിൽ പി. കെ കുഞ്ഞാലിക്കുട്ടി എം. എൽ. എ ഉദ്ഘാടനം ചെയ്യുകയുണ്ടായി. വല്ലാതെ വൈകാതെ ഈ ഹൈടെക് കെട്ടിടം
നാടിനു സമർപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.