രാജ്യത്ത് ആദ്യം; സംസ്ഥാനത്തെ കാംപസുകളില്‍ ഇനി 'കോളജ് സ്‌പോര്‍ട്‌സ് ലീഗ്

സംസ്ഥാനത്തെ കോളജുകള്‍ കേന്ദ്രീകരിച്ച് പുത്തന്‍ കായിക വിപ്ലവത്തിനു നാന്ദി കുറിക്കപ്പെടുന്നു. രാജ്യത്ത് ആദ്യമായി നടക്കുന്ന കോളജുകള്‍ കേന്ദ്രീകരിച്ചുള്ള സ്‌പോര്‍ട്‌സ് ലീഗ് നടത്താൻ കേരളം. 

കോളജ് സ്‌പോര്‍ട്‌സ് ലീഗ്-കേരള (സിഎസ്എല്‍-കെ) ആദ്യ സീസണ്‍ ഈ മാസം 18 മുതലാണ് ആരംഭിക്കുന്നത്.

യുഎസ് പോലുള്ള രാജ്യങ്ങളിലെ ജനപ്രിയ കൊളീജിയറ്റ് സ്‌പോര്‍ട്‌സ് ലീഗുകളുടെ മാതൃകയിലാണ് പോരാട്ടങ്ങള്‍. ഉദ്ഘാടന സീസണില്‍ ഫുട്‌ബോള്‍, വോളിബോള്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ പ്രത്യേക ലീഗ് മത്സരങ്ങള്‍ നടത്തും. 

വരും വര്‍ഷങ്ങളില്‍ ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബോള്‍, കബഡി തുടങ്ങിയ കൂടുതല്‍ ഇനങ്ങള്‍ ചേര്‍ത്ത് ലീഗ് വിപുലീകരിക്കാനാണ് ആലോചന.

ജൂലൈ 17 മുതല്‍ 26 വരെ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന ഫുട്‌ബോള്‍ ലീഗ് മത്സരങ്ങളോടെയാണ് ഉദ്ഘാടന സീസണിലെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. സംസ്ഥാനത്തെ എല്ലാ യുജിസി അംഗീകൃത കോളജുകളില്‍ നിന്നുമുള്ള 60 ടീമുകള്‍ ഇതില്‍ പങ്കെടുക്കും. മുന്‍ പ്രകടനവും മികവും ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ടീമുകളെ തിരഞ്ഞെടുത്തത്. അടുത്ത മാസം എംജി സര്‍വകലാശാല കാമ്പസില്‍ വോളിബോള്‍ ലീഗ് നടക്കും

അടുത്ത വര്‍ഷം മുതല്‍, സിഎസ്എല്‍-കെ മൂന്ന് തലങ്ങളില്‍ നടത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. 14 ജില്ലകളില്‍ നിന്നുള്ള മികച്ച ടീമുകള്‍ പങ്കെടുക്കുന്ന 168 മത്സരങ്ങളുള്ള ഒരു ജില്ലാ ലീഗ്, ജില്ലാ ചാംപ്യന്മാരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും പങ്കെടുക്കുന്ന 48 മത്സരങ്ങളുള്ള സോണല്‍ ലെവല്‍ ലീഗ്, ലീഗ് ചാംപ്യന്മാരെ തീരുമാനിക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലേക്ക് നയിക്കുന്ന നോക്കൗട്ട് റൗണ്ടുകളുള്ള സംസ്ഥാന ലീഗ്.

സ്‌കൂള്‍ കാലഘട്ടത്തില്‍ കായിക മേഖലയില്‍ തിളങ്ങിയ താരങ്ങള്‍ കോളജുകളിലെത്തുമ്പോള്‍ സ്‌പോര്‍ട്‌സ് ഉപേക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. സിഎസ്എല്‍ വഴി കോളജുകളില്‍ പുതിയൊരു കായിക സംസ്‌കാരം സൃഷ്ടിക്കുകയാണ് ലീഗ് ലക്ഷ്യമിടുന്നത്. എല്ലാ കോളജുകളിലും ലീഗ് നടത്തുന്നതിനായി പ്രത്യേക സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.

കോളജ് ലീഗുകള്‍ സജീവമായി നടത്തുന്നതിലൂടെ, വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കായിക പരിചയം നേടാനാകും. നിലവില്‍ രാജ്യത്ത് ഐഎസ്എല്‍, ഐപിഎല്‍ പോലെയുള്ള പ്രൊഫഷണല്‍ ലീഗുകളുണ്ട്. അത്തരമൊരു കാലാവസ്ഥയില്‍ സ്‌പോര്‍ട്‌സിനെ മികച്ച കരിയര്‍ അവസരമായി എടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കാനും ലീഗ് സഹായിക്കും'- അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് ഈ പുതിയ കായിക പോരാട്ടം ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2036ലെ ഒളിംപിക്‌സിലേക്ക് രാജ്യത്തിനായി മികച്ച താരങ്ങളെ സംഭാവന ചെയ്യുക എന്ന ഉദ്ദേശവും ലീഗ് വിഭാവനം ചെയ്തതിനു പിന്നിലുണ്ട്. കോളജുകളിലെ കായിക വികസനത്തിനായി മാറ്റി വച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി. വരും വര്‍ഷങ്ങളില്‍ ലീഗ് സാമ്പത്തികമായി സ്വയംപര്യാപ്തമാകുമെന്നാണ് പ്രതീക്ഷ. ഡിക്കാത്‌ലോണ്‍ പോലുള്ള നിരവധി കമ്പനികളും നിരവധി ബാങ്കുകളും സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്കും അംഗീകാരങ്ങള്‍ക്കുമായി ഇതിനകം സമീപിച്ചിട്ടുണ്ടെന്നും അബ്ദുറഹിമാന്‍ പറഞ്ഞു

ഓരോ കോളജിലും രൂപീകരിച്ചിരിക്കുന്ന സ്പോര്‍ട്സ് കൗണ്‍സിലുകള്‍ക്കായിരിക്കും ലീഗുകളുടെ പൂര്‍ണ നിയന്ത്രണം. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള കൗണ്‍സിലുകളാണ് ലീഗ് നടത്തുകയും പരിപാടികള്‍ക്ക് കാമ്പസുകളില്‍ തന്നെ വലിയ ആരാധകവൃന്ദം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത്. അതാണ് ലീഗിന്റെ ഊര്‍ജ്ജം. സ്‌റ്റൈപ്പന്‍ഡുകള്‍, പെര്‍ഫോമന്‍സ് ബോണസുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ അടക്കമുള്ള പ്രോത്സാഹനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമെന്നും സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ വിഷ്ണുരാജ് പി ഐഎഎസ് പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}