കോഴിക്കോട് വിമാനത്താവളം, ഇൻസൈറ്റിൽ ഡയറക്ടർ മുനീർ മാടമ്പാട്ട്
സ്വകാര്യകാറുകൾക്ക് വിമാനത്താവളത്തിലേക്ക് പ്രവേശന ഫീ നിർത്തലാക്കുമെന്ന് എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട്. ആളെ ഇറക്കിപ്പോവണം. പാർക്ക് ചെയ്താൽ ഫീസ് വാങ്ങും. എന്നാൽ, ടാക്സികൾക്ക് പ്രവേശനഫീസുണ്ടാവും. കാർപാർക്കിങ്ങിന് പുതിയ ടെൻഡർ വിളിക്കുന്നുണ്ട്. വിമാനത്താവളത്തിന് മുന്നിൽ കാർപാർക്കിങ്ങിനായി 15.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കളക്ടർക്ക് കത്തെഴുതിയിട്ടുണ്ടെന്നും മുനീർ മാടമ്പാട്ട് പറഞ്ഞു.
റെസ നിർമാണം പൂർത്തിയായാൽ വലിയ വിമാനങ്ങളെത്തും
റൺവേ നവീകരണത്തിന്റെ ഭാഗമായുള്ള റെസ നിർമാണം പൂർത്തിയായാൽ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് (വൈഡ് ബോഡി) സർവീസ് നടത്താനുള്ള അനുമതി ലഭിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട്. പ്രവൃത്തിപുരോഗതി വിലയിരുത്താനെത്തിയ ജിസിഡിഎ വിദഗ്ധസംഘം അത്തരത്തിലുള്ള പ്രതികരണമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിന്റെ വെല്ലുവിളികളെക്കുറിച്ച് ഗ്രേറ്റർ മലബാർ ഇനീഷ്യേറ്റീവ് (ജിഎംഐ) നടത്തിയ ടേബിൾ ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ വിമാനങ്ങൾ വന്നാൽ കാർഗോസർവീസും പുനരാരംഭിക്കാനാവും. അടുത്തവർഷം ജൂണോടെ പുതിയ റഡാർസംവിധാനങ്ങൾ എത്തും. അത് സ്ഥാപിച്ചുകഴിഞ്ഞാൽ ഒരുമണിക്കൂറിൽ ഒൻപത് വിമാനങ്ങൾക്ക് ഇറങ്ങാനും പുറപ്പെടാനും കഴിയും. ഇപ്പോൾ ആറുവിമാനങ്ങൾക്ക് ഇറങ്ങാനും ഏഴുവിമാനങ്ങൾക്ക് പുറപ്പെടാനുമുള്ള സൗകര്യങ്ങളേയുള്ളൂ.
വിമാനങ്ങളുടെ സർവീസ് ഓപ്പറേഷൻ കൂടുതൽ സുഗമമാവാൻ സമാന്തര ടാക്സിവേ തന്നെ വേണം. പക്ഷേ, അത് ദീർഘകാലാടിസ്ഥാനത്തിലേ നടക്കൂ. നിലവിൽ ഓയിൽകമ്പനികളുടെ കൈവശമുള്ള സ്ഥലമെടുത്ത് അവിടെ നാലോ അഞ്ചോ വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത് ആലോചിക്കുന്നുണ്ട്. സൗദി എയർലൈൻസ് ഇപ്പോൾ സർവീസ് തുടങ്ങിയാൽ റിസ നിർമാണം കഴിയുന്നതോടെ വലിയ വിമാനങ്ങളിലേക്ക് മാറാം. കോഴിക്കോട്ടുനിന്നുള്ള ഹജ്ജ് തീർഥാടകർക്ക് സൗകര്യത്തിനായി സൗദി എയർലൈൻസിനോട് ഹജ്ജ് സർവീസിൽ പങ്കാളിയാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് സർവീസ് തുടങ്ങാൻ എല്ലാ എയർലൈൻസുകൾക്കും കത്തെഴുതിയിട്ടുണ്ട്. ആഴ്ചയിൽ മൂന്നുദിവസം സ്പൈസ് ജെറ്റ് നിലവിൽ സർവീസ് ആരംഭിച്ചു. അത് എല്ലാദിവസവുമാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ലാഭകരമായ ഏഴു വിമാനത്താവളങ്ങളിൽ ഒന്നായ കോഴിക്കോട് എന്തുകൊണ്ട് വികസനം നടപ്പാക്കുന്നില്ല എന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കണമെന്ന് ചർച്ച ഉദ്ഘാടനംചെയ്ത എം.കെ. രാഘവൻ എംപി പറഞ്ഞു. എയർപോർട്ട് അതോറിറ്റി കോഴിക്കോടിന്റെ കാര്യത്തിൽ വലിയ താത്പര്യംകാണിക്കുന്നില്ല. വിമാനത്താവള വികസനത്തിന് 100 ഏക്കർ ഭൂമിയെങ്കിലും മിനിമം വേണമെന്നും അദ്ദേഹം പറഞ്ഞു.
ജിഎംഐ പ്രസിഡന്റ് പി.സി. റഷീദ് അധ്യക്ഷനായി. അവാം സുറൂർ വിഷയം അവതരിപ്പിച്ചു. റോഷൻ കൈനഡി േമാഡറേറ്റായി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എയർപോർട്ട് മുൻ ജോയിന്റ് ജനറൽ മാനേജർ ഒ.വി. മാർകിസ്, നിത്യാനന്ദ കമ്മത്ത്, അജയൻ കെ. ആനാട്ട്, ഡോ. കെ. മൊയ്തു, സി.ഇ. ചാക്കുണ്ണി, പി.പി. അബൂബക്കർ, കെ.പി.എം. നൗഫൽ, സന്നാഫ് പാലക്കണ്ടി, ടി.പി.എം. ഹാഷിർ അലി, രജീഷ് രാഘവൻ, റാഫി പി. ദേവസ്യ, രവിചന്ദ്രശേഖർ, എ. സലീം, സുബൈർ കൊളക്കാടൻ, എം. ഹാരിസ് എന്നിവർ സംസാരിച്ചു.