വേങ്ങര : വേങ്ങരയിലൂടെ പോകുന്ന ചില ദീർഘദൂര ബസുകൾ വേങ്ങര സ്റ്റാൻഡിൽ കയറുന്നില്ലെന്ന് പരാതി. സ്റ്റാൻഡിലേക്ക് കയറുന്നവ അമിതവേഗത്തിലാണ് വരുന്നതെന്നും യാത്രക്കാർ പറയുന്നു.
സ്റ്റാൻഡിൽ വളരെ സൗകര്യപ്രദമായ കാത്തിരിപ്പുകേന്ദ്രം ഒരുക്കിയിട്ടുണ്ടെങ്കിലും ദീർഘദൂര യാത്രക്കാർക്ക് ബസ് അങ്ങോട്ടുവരാത്തതിനാൽ ഇത് പ്രയോജനപ്പെടുത്താനാകുന്നില്ല.
ബസ്‌സ്റ്റാൻഡിന്റെ വാതിൽക്കലും പുറത്തുമായാണ് അവരുടെ കാത്തുനിൽപ്പ്. സ്റ്റാൻഡിന് പുറത്ത് നിർത്തിയാലും കയറാനും ഇറങ്ങാനും ആവശ്യത്തിന് സമയം തരാറില്ലെന്നും അവസാനത്തെ ആൾ ബസ്സിലേക്ക് കാലെടുത്തുവെക്കാൻ തുടങ്ങുന്നതോടെ ബെല്ലടിക്കുകയാണെന്നും ഇവർ പരാതിപ്പെടുന്നു. വ്യാഴാഴ്ച രാവിലെ 11-ന് ഇത്തരത്തിൽ സ്റ്റാൻഡിനു പുറത്തുനിറുത്തിയപ്പോൾ കയറിയ ഒരു മധ്യവയസ്‌ക കയറുന്നതിനുമുൻപ് ബെല്ലടിക്കവേ ബസ് മുന്നോട്ടുപോയി. സ്ത്രീ തെറിച്ച് നിലത്തുവീണു. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും സ്ത്രീയോട് ക്ഷമചോദിച്ച് ബസുകാർ പോയി.
പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയെങ്കിലും കാര്യമായ പരിക്കില്ലെന്ന് പറഞ്ഞതോടെ പിരിഞ്ഞുപോയി.
ബസ് കാത്തിരിപ്പുകേന്ദ്രത്തിലിരുന്ന് സ്വസ്ഥമായി ബസ് കയറാനുള്ള അവസരമുണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അടുത്തദിവസം ഒരുപോലീസിനെക്കൂടി നിയമിക്കുമെന്നും സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും വേങ്ങര എസ്എച്ചഒ രാജേന്ദ്രൻ ആർ. നായർ അറിയിച്ചു.