കോട്ടക്കൽ: സൗദി ക്ലബ് അൽ നാസറിൻ്റെ ജൂനിയർ ടീമലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാസിൻ മാതൃ അക്കാദമിയായ എ.കെ.എം ഫുട്ബോൾ അക്കാദമി സന്ദർശിച്ചു. എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ സ്വീകര ചടങ്ങ് സ്കൂൾ മാനേജർ കെ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അലി കടവണ്ടി അധ്യക്ഷത വഹിച്ചു.
ഇൻഡോർ ഫുട്ബോൾ മത്സരമായ 'ഫുട്സൽ' സംഘടിപ്പിച്ചായിരുന്നു റാസിനെ സ്വീകരിച്ചത്. അഞ്ച് പേർ വീതമുള്ള രണ്ട് ടീമുകൾ തമ്മിലാണ് മത്സരം നടന്നത്. അവരിൽ ഒരാളായി റാസിൻ ഗോൾകീപ്പറുടെ റോൾ നിർവ്വഹിച്ചു. പടപ്പറമ്പ് സ്വദേശി പറമ്പൻ ഷാജഹാൻ്റെയും നഫ് ലയുടേയും മകനാണ് മുഹമ്മദ് റാസിൻ. സൗദിയിൽ ജോലിചെയ്യുന്ന ബാപ്പ ഷാജഹാനെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് അൽ നഹ്സർ ക്ലബ്ബിന്റെ ജൂനിയർ സെലക്ഷനിൽ പങ്കെടുത്തതും യോഗ്യതനേടിയതും. അവധിക്കാലത്ത് നാട്ടിലെത്തിയ റാസിൻ സ്കൂൾ അക്കാദമിലെ വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കുവെച്ചു.
ചടങ്ങിൽ പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യൂട്ടി എച്ച്.എം കെ സുധ, എൻ വിനീത, കെ ജൗഹർ എന്നിവർ സംബന്ധിച്ചു. അധ്യാപകരായ പി ഷമീർ, കെ നികിൽ, എൻ കെ ഫൈസൻ, ലുക്മാൻ എന്നിവർ നേതൃത്വം നൽകി.