വേങ്ങര: ബഷീർ ദിനത്തിൽ പുതുമയാർന്ന പ്രവർത്തനങ്ങളുമായി കുറ്റൂർ നോർത്ത് കെ.എം.ഹയർ സെക്കന്ററി സ്കൂൾ. ജീവിതം ലളിതമായ ഭാഷയിൽ, ഹാസ്യത്തിന്റെ മേമ്പൊടിയോടെ വായനക്കാരന് പകർന്ന് നൽകിയ മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പത്തൊന്നാം ഓർമ്മ ദിനം അദ്ദേഹത്തിന്റെ തന്നെ വിവിധ കഥാപാത്രങ്ങളായ പാത്തുമ്മയും, മജീദും, സുഹറയും, ഭാർഗവിയും, ഒറ്റക്കണ്ണൻപോക്കറും, എട്ടുകാലി മമ്മൂഞ്ഞുമെല്ലാം കഥാപാത്രങ്ങളായി വേദിയിൽ അവതരിപ്പിച്ച് വേറിട്ട കാഴ്ചയൊരുക്കി സ്കൂളിലെ കുട്ടികൾ ശ്രദ്ധേയമായി.
ലക്ഷ്മി ഷൈജു, ഷിഹാന, ഫാത്തിമ റിസ ആൻഡ് പാർട്ടി, അഫ് ല റിസ ആൻഡ് പാർട്ടി, നിവേദിക ആൻഡ് പാർട്ടി ഷിഫ്ന ആൻഡ് പാർട്ടി, മെഹ്ന ആൻഡ് പാർട്ടി എന്നിവർ വിജയികളായി.
അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ എല്ലാവരിലുമെത്തിക്കാനും, അടുത്തറിയുന്നതിനുമായി സ്കൂൾ ആർട്സ് ക്ലബ്ബ് ഒരുക്കിയ ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ കട്ടൗട്ടറുകൾ വേറിട്ട കാഴ്ചയായി. കൂടാതെ ബഷീർ കൃതികളിലെ ആശയങ്ങൾ എല്ലാ കുട്ടികളിലേക്കുമെത്തിക്കുന്നതിനായി മലയാളം ക്ലബ്ബ് പോസ്റ്റർ രചന, ബഷീർ കൃതികളുടെ വായന, ബഷീർ അനുസ്മരണ പ്രസംഗ മത്സരം, സാങ്കൽപ്പിക അഭിമുഖം എന്നിവയും നടത്തി.
പ്രധാനാധ്യാപിക എസ്.ഗീത ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡിഎച്ച്എം പി എസ്. സുജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. ഷൈജു കാക്കഞ്ചേരി, ജി.ഗ്ലോറി, കെ.സ്മിത, പി.സംഗീത, കെ.ഐ.ജെസ്സി, സി.കെ ശ്രുതി എന്നിവർ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.