കോട്ടക്കൽ: കോട്ടപ്പടി പൂഴിത്തറയിലെ വളവ് നികത്തുന്ന പ്രവര്‍ത്തി തുടങ്ങി. സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള ഭൂമിയിൽ നിന്ന് ഒരടിയിലധികം സ്ഥലം ഉടമ വിട്ടു കൊടുത്തതോടെയാണ് വളവ് നികത്താന്‍ സൗകര്യമായത്.
നഗരത്തിലെ ഗതാഗത കുരുക്കിന് ഈ വളവ് നികത്തലോടെ ആശ്വാസമാവും. ഏറെ വാഹനത്തിരക്കനുഭവപ്പെടാറുള്ള കോട്ടപ്പടിയിലെ പൂഴിത്തറ വലിയ വളവ് നികത്തണമെന്ന ഏറെ കാലത്തെ ആവശ്യമാണിപ്പോള്‍ സാക്ഷാല്‍കരിക്കുന്നത്. ഭൂഉടമ കുണ്ടിൽ അൻസാരിയുമായി അധികൃതർ നടത്തിയ ചർച്ചയെ തുടര്‍ന്നാണ് സ്ഥലം വിട്ടു നല്‍കിയത്.
ഭൂമി വിട്ടുകൊടുത്തതിന് പകരം ബാക്കിയുള്ള സ്ഥലത്ത് കെട്ടിടം നിർമിക്കാൻ അനുമതി വേണമെന്നാണ് ഉടമ
ആവശ്യപ്പെടുകയും നഗര സഭ പരിഗണിക്കുകയും ചെയ്തിരുന്നു. കാടാമ്പുഴ, ഇന്ത്യനൂർ, കോട്ടൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നഗരത്തിൽ നിന്നുമുള്ള പ്രധാന വഴിയാണിത്. ക്ഷേത്രങ്ങളും വിദ്യാലയങ്ങളും കൂടുതലുള്ള ഭാഗമായത് കൊണ്ട് ഇതു വഴി നിരവധി വാഹനങ്ങളാണ് കടന്ന് പോവുന്നത്.
ഇന്നലെ തിട്ടപ്പെടുത്തിയ ഭൂമി ജെ സി ബി ഉപയോഗിച്ച് മതിലുകള്‍ പൊളിച്ച് വീതി കൂട്ടുന്ന പ്രവര്‍ത്തി ആരംഭിച്ചു. ഇതു വഴി താല്‍കാലിക ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.