വേങ്ങര: വേങ്ങര വെട്ടുതോട് കുളിക്കാഞ്ഞിറങ്ങിയ അബ്ദുൽ വദൂദ് എന്ന വിദ്യാർത്ഥി പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിക്കാൻ ഇടയായ സംഭവത്തിനു കാരണം കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണെന്ന് പൊതുജനം. പൊന്തക്കാടുകൾക്കിടയിലൂടെ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈൻ അപകടം വിളിച്ചു വരുത്തുമെന്നു തദ്ദേശ വാസികൾ നേരത്തെ അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും ലൈൻ മാറ്റിക്കെട്ടാനോ മറ്റു നടപടികൾ സ്വീകരിക്കാനോ അധികൃതർ മുതിർന്നില്ലെന്നാണ് ആക്ഷേപം. കെ. എസ്. ഇ. ബി ജീവനക്കാർ യഥാസമയത്ത് ഉത്തരവാദിത്വം നിറവേറ്റിയിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇതെന്നും നാട്ടുകാർ പറയുന്നു. വെട്ട്തോട് ഭാഗത്ത് വ്യാപകമായി കാട് മൂടിയ ഭാഗങ്ങളിലൂടെ യാതൊരു സുരക്ഷാ മുൻകരു തലുമില്ലാതെയാണ് വൈദ്യുതി ലൈനുകൾ കടന്നുപോകുന്നത്. പലഭാഗങ്ങളിലും വള്ളികളും മരച്ചില്ലകളും ലൈനിൽ പിണഞ്ഞ് കിടക്കുകയാണ്. നേരത്തെ രണ്ടിടങ്ങളിൽ വൈദ്യുതി ലൈനിൽ മരങ്ങൾ വീണത് കാരണം ലൈൻ പൊട്ടിയും നിലത്തുവീണും കിടക്കുകയായിരുന്നു. ഇതിൽ ഒരു ലൈനിലെ വൈദ്യുതിയാണ് തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയത്. പമ്പ് ഹൗസുൾപ്പെടെയുള്ളവയിലേക്ക് പോകുന്ന ത്രീ ഫേസ് ലൈനാണിത്. ഇവിടെ വീടുകൾ കുറവാണ് താനും. അത് കൊണ്ടു തന്നെ ലൈൻ അറ്റു വീണ വിവരം നേരത്തെ ആളുകൾ അറിഞ്ഞിരുന്നില്ലത്രെ.
ഷോക്കേറ്റു വിദ്യാർഥി മരിച്ച സംഭവം : കാരണം അധികൃതരുടെ അനാസ്ഥയെന്ന് പൊതുജനം
admin