കണ്ണമംഗലം: എരണിപ്പടി സ്വദേശി ഇ. കെ സമദാജിയുടെ മരണത്തിലൂടെ നാടിനു നഷ്ടമായത് പരോപകാരിയായിരുന്ന മനുഷ്യ സ്നേഹിയെ. മരണ വീടുകളിലെ സജീവ സാന്നിധ്യമായിരുന്ന സമദാജിയുടെ അകാല വിയോഗം നാടിനു ഏൽപ്പിച്ച ഷോക്ക് വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടറിഞ്ഞെത്തിയ ജനങ്ങളുടെ ബാഹുല്യം.
സാമൂഹ്യ - രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന സമദാജി തന്റെ രാഷ്ട്രീയ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ ആരെയും ഭയപ്പെട്ടില്ല. അതേ സമയം ഹൃദയ ബന്ധവും സാഹോദര്യവും നില നിർത്തുന്നതിലൂടെ അദ്ദേഹം കലർപ്പില്ലാത്ത സ്നേഹം സുഹൃത്തുക്കൾക്കിടയിൽ പങ്കു വെച്ചു.
പ്രവാസ വാസം അവസാനിപ്പിച്ച ശേഷം കുടുബവുമായി നാട്ടിൽ തിരിച്ചെത്തിയതോടെ അദ്ദേഹം മുഴുവ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു. ഖബറടക്കത്തിനു ശേഷം എടക്കാപറമ്പ് സിറാജുൽ ഇസ്‌ലാം മദ്രസയിൽ ചേർന്ന അനുശോചന യോഗത്തിലും ധാരാളം ആളുകൾ പങ്കെടുത്തു.
ചടങ്ങിൽ ആലുങ്ങൾ ഹസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പുള്ളാട്ട് മുജീബ്, സ്ഥലം ഖത്തീബ് അബ്ദുൽ ഗഫൂർ മൗലവി, പ്രൊഫ. എ. പി അബ്ദുൽ വഹാബ്, പി. എ ചെറീത്, അരീക്കൻ ബീരാൻ കുട്ടി, പി. ഷംസു, ടി. ഷാഹുൽ ഹമീദ്, അഡ്വ. ഒ. കെ തങ്ങൾ, പി. കെ തങ്ങൾ, ഇ. കെ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, വി. ബഷീർ, ഇ. കെ ബാവ, ടി. പി ഹമീദ് ഹാജി, പി. കെ അബൂസാദിഖ് മൗലവി, പി. സലിം, പി പി ലത്തീഫ് എന്നിവർ സംസാരിച്ചു.