കൊളപ്പുറം: കൂരിയാട് ദേശീയപാത തകർന്നഭാഗത്ത് തുറന്നുകൊടുത്ത സർവീസ് റോഡിലെ സ്ലാബ് തകർന്നു. മൂന്നാം തവണയാണ് ഈഭാഗത്ത് സ്ലാബ് തകരുന്നത്. ഒരുവാഹനത്തിന് മാത്രംപോകാൻ സൗകര്യമുള്ള ഇവിടെ ഓവുചാലിന് മുകളിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. രണ്ടാഴ്ച മുമ്പാണ് കൂരിയാട് മുതൽ കൊളപ്പുറം വരെയുള്ള ഭാഗത്ത് വീതികുറഞ്ഞ സർവീസ് റോഡ് തുറന്നുകൊടുത്തത്.
ഗതാഗതം നിയന്ത്രിക്കാൻ ആരുമില്ലാത്തതിനാൽ ഇവടെ ഗതാഗതക്കുരുക്കാണ്. നടപ്പാതപോലുമില്ലാത്ത ഈ ഭാഗത്ത് വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാർ കുരുക്കൊന്ന് മാറി നടന്നുപോകാൻ ഏറെസമയം കാത്തുനിൽക്കേണ്ട ഗതികേടിലാണ്.
കുറ്റിപ്പുറം ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾക്ക് കൊളപ്പുറം ഹൈസ്കൂളിന് താഴെവരെ ദേശീയപാത തുറന്നുകൊടുത്താൽ കവലയിലെ തിരക്ക് കുറയും. തകർന്നടിഞ്ഞ സർവീസ് റോഡ് തുറന്നുകൊടുക്കുന്നതുവരെ ഇങ്ങനെയൊരു സംവിധാനമെങ്കിലും ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.