വേങ്ങര: വേങ്ങര നിയോജകമണ്ഡലത്തിലെ തേർക്കയം, ആട്ടീരി പാലങ്ങൾക്ക് അടിയന്തരമായി ഭരണാനുമതി നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ ആവശ്യപ്പെട്ടു.
വേങ്ങര മണ്ഡലത്തിലെ വേങ്ങര ഗ്രാമപ്പഞ്ചായത്തിനെയും തിരൂരങ്ങാടി മണ്ഡലത്തിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിച്ച് കടലുണ്ടിപ്പുഴയ്ക്ക് കുറുകേ തേർക്കയത്തുള്ള പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങളായി.
ഈ സാഹചര്യത്തിലാണ് പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ഉയർന്നുവന്നതും എംഎൽഎയുടെ ഇടപെടലിന്റെ ഫലമായി പൊതുമരാമത്ത് എൻജിനിയറിങ് വിഭാഗം രൂപകല്പനയും അടങ്കലും തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചതും. സർക്കാർ ഭരണാനുമതി നൽകുന്നതോടെ പുതിയ പാലം യാഥാർഥ്യമാകും.
കുഴിപ്പുറം ആട്ടീരി കോട്ടക്കൽ റോഡ് ബിഎംബിസി ചെയ്ത് നവീകരിച്ചതിന്റെ സൗകര്യം പൂർണാർഥത്തിൽ ഉപയോഗപ്പെടുത്തണമെങ്കിൽ ആട്ടീരിയിൽ പുതിയ പാലം അനിവാര്യമാണ്.
ആട്ടീരി പാലത്തിന്റെ വിശദമായ അടങ്കലും പൊതുമരാമത്ത് വിഭാഗം ഭരണാനുമതിക്കായി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.