കോട്ടക്കൽ: നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന പ്രമേയത്തിൽ എസ് വൈ എസ് പരിസ്ഥിതി ക്യാമ്പയിനിൻ്റെ ഭാഗമായി എസ് വൈ എസ് കോട്ടക്കൽ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗ്രോ വൈബ് എന്ന പേരിൽ കൃഷി പഠനം നടത്തി. സോൺ പ്രസിഡൻ്റ് സഈദ് സഖാഫി വാളക്കുളം ഉദ്ഘാടനം ചെയ്തു. പ്രമുഖ കാർഷിക ട്രെയിനർ അയ്യൂബ് താനാളൂർ വിഷയാവതരണം നടത്തി.
അന്യ നാടുകളിൽ നിന്ന് വരുന്ന വിശ്ലിപ്തമായ പച്ചക്കറികൾ നമ്മെ കാൻസർ പോലെയുള്ള മാരക രോഗികൾ ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും എസ് വൈ എസ് നടത്തുന്ന അടുക്കളത്തോട്ടം പദ്ധതി നമ്മുടെ യൂണിറ്റുകളിൽ നടപ്പിലാക്കിയാൽ ഇതുപോലെയുള്ള മാരക രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ സമൂഹത്തിന് സാധിക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
സോൺ നേതാക്കളായ നൗഷാദ് സഖാഫി പൊട്ടിപ്പാറ, സലിം പൊന്മള, ഫിറോസ് ഖാൻ കുരുണിയൻ, ഷമീർ ക്ലാരി പുത്തൂര് എന്നിവർ സംബന്ധിച്ചു. നസ്റൂൽ ഇസ്‌ലാം സഖാഫി സ്വാഗതവും ഇസ്ഹാഖ് നിസാമി നന്ദിയും പറഞ്ഞു.