തിരൂരങ്ങാടി വെടിവെപ്പ് നടന്നിട്ട് 104 വർഷം; അധിനിവേശവിരുദ്ധ ചരിത്രം പറഞ്ഞ് വിദ്യാർഥികളുടെ യാത്ര

തിരൂരങ്ങാടി : അധിനിവേശവിരുദ്ധ പോരാട്ടങ്ങളിൽ മലപ്പുറത്തിനൊരു ചരിത്രമുണ്ട്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ പോരാട്ടങ്ങളുടെ ഒാർമയിൽ ചരിത്രംതേടി തിരൂരങ്ങാടിയിൽനിന്ന് വിദ്യാർഥികളുടെ യാത്ര. 1921 ഓഗസ്റ്റ് 20-ന് തിരൂരങ്ങാടിയിലെ 17 ഖിലാഫത്ത് പ്രവർത്തകരെ ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഈ മണ്ണിലെത്തിയാണ് അധിനിവേശവിരുദ്ധ ചരിത്രപഠനത്തിന് വിദ്യാർഥികൾ തുടക്കംകുറിച്ചത്.

To advertise here, Contact Us
തിരൂരങ്ങാടി വലിയപള്ളി കേന്ദ്രീകരിച്ചായിരുന്നു ഖിലാഫത്ത് നേതാവായിരുന്ന ആലി മുസ്‌ലിയാരുടെ പ്രവർത്തനം. വലിയപള്ളി ബ്രിട്ടീഷ് പട്ടാളം തകർത്തെന്നും ആലി മുസ്‌ലിയാരെ അറസ്റ്റ് ചെയ്തെന്നും വാർത്ത പരന്നതോടെ ജില്ലയിലെ വിവിധസ്ഥലങ്ങളിൽനിന്ന് ആളുകൾ ആശങ്കയോടെ തിരൂരങ്ങാടിയിലേക്ക് ഒഴുകിയെത്തി. ആലി മുസ്‌ലിയാർക്കും പള്ളിക്കും കുഴപ്പമൊന്നും ഇല്ലെന്ന വസ്തുത തിരൂരങ്ങാടിയിലെത്തിയ ജനത്തിന് ആശ്വാസംപകർന്നെങ്കിലും അറസ്റ്റുചെയ്യപ്പെട്ട മറ്റുള്ളവരെപ്പറ്റിയുള്ള ആശങ്ക തുടർന്നു. ഇതോടെയാണ് ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷുകാരുടെ ആസ്ഥാനമായിരുന്ന ചെമ്മാട്ടുള്ള ഹജൂർകച്ചേരിയിലേക്ക് ജനങ്ങളെത്തിയത്.

ഇവരെ നേരിടാൻ പട്ടാളം ജനക്കൂട്ടത്തിനുനേരേ വെടിയുതിർത്തതായാണ് ചരിത്രം. 17 സമരഭടന്മാരാണ് ഹജൂർ കച്ചേരി മുറ്റത്ത് മരിച്ചുവീണത്. 1921 ഓഗസ്റ്റ് 20-നായിരുന്നു ഇൗ സംഭവം. കലാപത്തിൽ ആറ് ബ്രിട്ടീഷ് സൈനികരും കൊല്ലപ്പെട്ടു. ബ്രിട്ടീഷ് പട്ടാള മേധാവിയായിരുന്ന വില്യം ഡങ്കൺ റൗളിയുടെ ശവകുടീരം ഹജൂർ കച്ചേരി വളപ്പിൽ സംരക്ഷിച്ചിട്ടുണ്ട്. പിന്നീട്, ഓഗസ്റ്റ് 30-ന് തിരൂരങ്ങാടി വലിയപള്ളി വളഞ്ഞ ബ്രിട്ടീഷ് പട്ടാളം പള്ളിക്ക് നേരേ വെടിയുതിർത്തു. കരാടാൻ മൊയ്തീൻ അടക്കമുള്ളവർ വെടിയേറ്റുവീണു.

പട്ടാളത്തിന്റെ ആക്രമണം ശക്തമായതോടെ പള്ളിയിലുണ്ടായിരുന്ന ആലി മുസ്‌ലിയാരും 37 അനുയായികളും കീഴടങ്ങുകയായിരുന്നു. ഈ ചരിത്രങ്ങളടങ്ങുന്ന തിരൂരങ്ങാടിയിൽനിന്നാണ് സ്വാതന്ത്ര്യദിനാചരണങ്ങളുടെ ഭാഗമായി 'ഹെറിറ്റേജ് വാക്ക് ' ആരംഭിച്ചത്. ചെമ്മാട് ദാറുൽഹുദ പൂർവവിദ്യാർഥി സംഘടനയായ 'ഹാദിയ', മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് സ്റ്റഡീസ് എന്നിവരുടെ നേതൃത്വത്തിലാണ് ചരിത്രയാത്ര നടത്തുന്നത്. മുട്ടിച്ചിറ, തിരൂരങ്ങാടി, മമ്പുറം, ചേറൂർ, പാണക്കാട്, മലപ്പുറം എംഎസ്‌പി, കോട്ടക്കുന്ന് തുടങ്ങിയ കേന്ദ്രങ്ങളും സന്ദർശിച്ചു. ഹനീഫ മൂന്നിയൂർ ഉദ്ഘാടനംചെയ്തു. ഡോ. മോയീൻ ഹുദവി മലയമ്മ, അനീസ് കമ്പളക്കാട്, സിദ്ദീഖ് മൂന്നിയൂർ, അസീസ് തിരൂരങ്ങാടി, ഫായിസ് തിരൂരങ്ങാടി തുടങ്ങിയവർ നേതൃത്വംനൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}