വേങ്ങര: രാഷ്ട്രീയ കൃഷി വികാസ് യോജനാ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന ഹോർട്ടി കൾച്ചറൽ മിഷൻ സംസ്ഥാനത്ത് 50 മണ്ഡലങ്ങളിൽ നടപ്പാക്കുന്ന രണ്ടാംഘട്ട കൂൺഗ്രാമം പദ്ധതിയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്തിനെയും ഉൾപ്പെടുത്തി.
വേങ്ങര മണ്ഡലത്തിലെ ആറു ഗ്രാമപ്പഞ്ചായത്തുകൾ കൂടാതെ തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ തെന്നല, എടരിക്കോട് പഞ്ചായത്തുകളും പദ്ധതിക്കു കീഴിൽ വരും. ജില്ലയിൽ മങ്കട, തവനൂർ, വണ്ടൂർ, താനൂർ മണ്ഡലങ്ങളേയും പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുണ്ട്.
100 ചെറുകിട ഉത്പാദന യൂണിറ്റുകൾ, രണ്ട് വലിയ യൂണിറ്റുകൾ, ഒരു വിത്ത് ഉത്പാദനകേന്ദ്രം, മൂന്ന് സംസ്‌കരണ യൂണിറ്റ്, രണ്ട് പാക്കിങ് ഹൗസുകൾ, 10 കമ്പോസ്റ്റ് യൂണിറ്റുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഒരു കൂൺ ഗ്രാമം.
പദ്ധതി വിശദീകരണത്തിനായി സംഘടിപ്പിച്ച യോഗം പ്രസിഡന്റ് മണ്ണിൽ ബെൻസീറ ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ അധ്യക്ഷനായി.
ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി.കെ. സൈഫുന്നിസ ക്ലാസെടുത്തു. ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർകോയ തങ്ങൾ, ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസഹാജി, പി.പി. സഫീർ ബാബു, സഫിയ മലക്കാരൻ, പറങ്ങോടത്ത് അസീസ്, എഡിഎ ജൈസൽ ബാബു, കൃഷി ഓഫീസർ എം. ഷംസീർ, ഹാരിസ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു