കൂരിയാട്‌ സർവീസ് റോഡില്ലാത്തിടത്ത് സൂചനാബോർഡ്

കൂരിയാട്: കോഴിക്കോട്-തൃശ്ശൂർ ദേശീയപാത പുനർനിർമാണം കഴിഞ്ഞ വേങ്ങര കൂരിയാട് പാലത്തിനുമുൻപായി സർവീസ് റോഡിലൂടെവരുന്ന വാഹനങ്ങൾക്ക് കോഴിക്കോട് ഭാഗത്തേക്കുള്ള ദേശീയപാതയിലേക്ക് പ്രവേശിക്കാനായി അനുവാദമുള്ള സ്ഥലത്ത് സൂചനാബോർഡുകൾ സ്ഥാപിച്ചു.

ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, ട്രാക്ടർ, കാൽനടക്കാർ എന്നിവർ ദേശീയപാതയിലേക്ക് പ്രവേശിക്കരുതെന്നാണ് ഈ സൂചനാ ബോർഡിലുള്ളത്. എന്നാൽ കക്കാട് ഭാഗത്തുനിന്ന് വരുന്ന സർവീസ് റോഡ് പാലത്തിനടുത്ത് അവസാനിക്കുകയാണ്. കക്കാട് ഭാഗത്തുനിന്ന് വേങ്ങര, മലപ്പുറം, കൊളപ്പുറം, കരിപ്പൂർ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകണമെങ്കിൽ വേറെ വഴി തേടേണ്ടിവരും.

കാൽനടയാത്രക്കാർക്കും വാഹനത്തിനും കടലുണ്ടിപ്പുഴയ്ക്ക് കുറുകേ കടക്കണമെങ്കിൽ ദേശീയപാതയിലേക്ക് കയറുകയല്ലാതെ മറ്റു വഴികളില്ല. ഇവിടെയാണ് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് സൂചനാബോർഡ് സ്ഥാപിച്ചിട്ടുള്ളത്.

സർവീസ് റോഡ് വഴി പാലത്തിനടുത്തെത്തിയാൽ എങ്ങനെ യാത്ര തുടരുമെന്നതാണ് ഇരുചക്ര, മുച്ചക്ര, കാൽനട യാത്രക്കാരുടെ ആശങ്ക. പഴയപാലം മാറ്റി പുതിയ മൂന്നുവരി പാലം നിർമിക്കണമെന്ന് ജനപ്രതിനിധികളുൾപ്പെടെ ദേശീയപാതാ അധികൃതരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല.

ഇവിടെ രണ്ട് വാഹനങ്ങൾക്കുമാത്രം കഷ്ടിച്ച് യാത്രചെയ്യാൻപറ്റുന്ന നാല്പതുവർഷത്തോളം പഴക്കമുള്ള പാലമാണ് പുതുതായി നിർമിച്ച ആറുവരിപ്പാതയുടെ ഭാഗമാക്കിയിരിക്കുന്നത്. തൃശ്ശൂർ ഭാഗത്തുനിന്ന് വലിയ വേഗത്തിൽ മൂന്നുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ഇവിടെയെത്തുമ്പോൾ രണ്ടുവരിയിലേക്ക് ചുരുങ്ങേണ്ടി വരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}