പറപ്പൂർ: ചോലക്കുണ്ട് ഗവ. യുപി സ്‌കൂൾ കെട്ടിടത്തിനോട് ചാരി കടന്നുപോകുന്ന വൈദ്യുതിലൈൻ കെഎസ്ഇബി അധികൃതർ മാറ്റി കവചിത കമ്പി സ്ഥാപിച്ചു.
ത്രീ ഫെയ്‌സ് വൈദ്യുതകമ്പി കടന്നുപോകുന്ന ഇവിടെ മൂന്നു വർഷം മുൻപാണ് സർക്കാർ അനുവദിച്ച ഫണ്ടുപയോഗിച്ച് കെഎസ്ഇബിയുടെ അനുവാദം വാങ്ങി കെട്ടിടം നിർമിച്ചത്. അന്ന് ലൈൻ മാറ്റിസ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കെഎസ്ഇബി ഇക്കാര്യത്തിൽ മെല്ലെപ്പോക്കുനയം സ്വീകരിച്ചു.
മഴ പെയ്ത് തോട്ടിലിറങ്ങിയും ചെരിപ്പെടുക്കാൻ ഷെഡിനു മുകളിൽ കയറിയും വിദ്യാർഥികൾ അപകടത്തിൽപ്പെട്ടതോടെ ഇക്കാര്യം വീണ്ടും ചർച്ചയായി. ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. ജനവാതിലിലൂടെ ഒന്നേന്തിയാൽ തൊടാനുള്ളയത്ര അകലത്തിലായിരുന്നു ത്രീ ഫെയ്‌സ് ലൈൻ ഇതുവഴി കടന്നുപോകുന്നത്. വാർത്ത വരികയും വേങ്ങര ബ്ലോക്ക്പഞ്ചായത്തംഗം നാസർ പറപ്പൂർ വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി നൽകുകയും ചെയ്തതോടെ കാര്യങ്ങൾ വേഗത്തിലായി. വൈദ്യുതകമ്പി മാറ്റി കേബിൾ സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചു.