കണ്ണമംഗലം: തോട്ടശ്ശേരിയറയിൽ പൊതുജനങ്ങൾ ഉപയോഗിക്കുന്ന തോട്ടിൽ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് തോട്ടശ്ശേരിയറ സൗഹൃദ വേദി ആവശ്യപ്പെട്ടു. തോട്ടശ്ശേരിയറ അങ്ങാടിയിലെ കുളത്തിലും സമീപപ്രദേശങ്ങളിലെ തോടുകളിലും ഇടക്കിടെ മാലിന്യം തള്ളുന്ന സാഹചര്യത്തില്‍ പരാതിപ്പെട്ടിട്ടും തെളിവില്ലാത്തതിനാല്‍ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. എട്ട് മാസം മുമ്പ് അങ്ങാടിയിലെ കുളത്തില്‍ വന്‍തോതില്‍ മാലിന്യം തള്ളിയതിനെ തുടര്‍ന്ന് സൗഹൃദ വേദി മുന്‍കൈയെടുത്ത് അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും എ.ഐ ക്യാമറ സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച പുലര്‍ച്ചെ 3 മണിക്ക് തോട്ടില്‍ മാലിന്യം തള്ളിയ ടാങ്കര്‍ ലോറിയും അകമ്പടി വന്ന കാറും നാട്ടുകാര്‍ ഈ കാമറകള്‍ ഉപയോഗിച്ച് തിരിച്ചറിയുകയും വീഡിയോ വേങ്ങര പൊലീസിന് കൈമാറുകയും ചെയ്‌തെങ്കിലും പ്രതികളെ ഒരാഴ്ച കഴിഞ്ഞാണ് പിടികൂടിയത്. പ്രതികള്‍ മണിക്കൂറുകള്‍ക്കകം ജാമ്യം നേടി പുറത്തിറങ്ങിയതില്‍ നാട്ടുകാര്‍ രോഷാകുലരാണ്. കണ്ണമംഗലം, പെരുവള്ളൂര്‍ പഞ്ചായത്തുകളിലെ പൊതുജനങ്ങളും കര്‍ഷകരും ദിനംപ്രതി ഉപയോഗിക്കുന്ന ശുദ്ധജലമാണ് മലിനപ്പെട്ടത്. സമീപ പ്രദേശത്തെ നിരവധി കിണറുകളെയും ഇത് ബാധിക്കുമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നുമുള്ള ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റണമെന്നും പ്രതികളുടെ പേരില്‍ നിസ്സാര വകുപ്പില്‍ കേസെടുത്ത് ജാമ്യം ലഭിക്കാന്‍ സഹായിച്ചവരെ കുറിച്ച് അന്വേഷണം നടത്തണമെന്നും സൗഹൃദ വേദി ആവശ്യപ്പെട്ടു. യോഗത്തില്‍ ബിജീഷ് എൻ പി അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പുളിക്കല്‍ അബൂബക്കര്‍ , ഇസ്മായില്‍ കാവുങ്ങല്‍, പി.ഇ ഷഫീഖ്, എ.പി നദീര്‍ എന്നിവര്‍ സംസാരിച്ചു.
കക്കൂസ് മാലിന്യം തള്ളിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സൗഹൃദ വേദി
admin