വേങ്ങര: ഒപ്റ്റിക്സ്, ഫോട്ടോണിക്സ് എന്നീ ശാസ്ത്രമേഖലകളിലെ പ്രമുഖ സംഘടനയായ യു.എസ്.എ.യിലെ ഒപ്റ്റിക്കയുടെ (OPTICA) ട്രാവലിംഗ് ലക്ചറർമാരായി ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് മലയാളി അധ്യാപകർ ശ്രീലങ്കയിലെത്തുന്നു. വേങ്ങരയിലെ കെ.എം.എച്ച്.എസ്.എസ്. കുറ്റൂർ നോർത്തിലെ അധ്യാപകനും കലാകാരനും ശാസ്ത്ര ലേഖകനുമായ ഡോ. ഇ.കെ. സിമിൽ റഹ്മാനും അരീക്കോട് എസ്.ഒ.എച്ച്.എസ്.എസ്സിലെ അധ്യാപകനും ഗവേഷകനുമായ ഡോ. സഹീർ ചീമാടനുമാണ് ഈ നേട്ടത്തിന് അർഹരായത്. ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി തവണ യു.എസ്.എ.യിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് ഡോ. സഹീർ ചീമാടൻ. ഖത്തറിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ഡോ. സിമിൽ റഹ്മാൻ ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റ് വിദേശ രാജ്യങ്ങളിലും ശാസ്ത്ര പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. 'The Spirit of Discovery', 'Enjoy Optics' എന്നീ വിഷയങ്ങളിൽ ആണ് ഇരുവരും പ്രഭാഷണങ്ങൾ നടത്തുന്നത്. ഈ യാത്രയുടെ ഭാഗമായി ശ്രീലങ്കയിലെ വിദ്യാർത്ഥികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ സ്കൂളുകളിലും സർവ്വകലാശാലകളിലും ഇവർ പരീക്ഷണ ക്ലാസുകൾ നയിക്കും.ശാസ്ത്രീയ ആശയങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് പകർന്നു നൽകാനുള്ള ഇവരുടെ കഴിവിനുള്ള അംഗീകാരം കൂടിയാണ് ഈ അവസരം. അതിനൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിനൊപ്പം, ശാസ്ത്രം ഒരു ഭാരമല്ല, ആനന്ദകരമായ അന്വേഷണമാണെന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുകയാണ് ഇവരുടെ ദൗത്യം. ഈ യാത്ര ശാസ്ത്ര ഗവേഷണ രംഗത്തേക്കും നൂതന ആശയങ്ങളിലേക്കും കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫോട്ടോ- അമേരിക്കൻ ശാസ്ത്ര സംഘടനയുടെ ട്രാവലിംഗ് ലക്ചറർമാരായി ശ്രീലങ്കയിലേക്ക് തിരിക്കുന്ന മലയാളി അധ്യാപകരായ കെ.എം.എച്ച്.എസ്.എസ്. കുറ്റൂർ നോർത്തിലെ ഡോ. ഇ.കെ. സിമിൽ റഹ്മാനും, അരീക്കോട് എസ്.ഒ.എച്ച്.എസ്.എസ്സിലെ ഡോ. സഹീർ ചീമാടനും