വേങ്ങര: ബാല്യകാല ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന എടക്കാപറമ്പ് എ എം എച്ച് എം യു പി സ്കൂളിന്റെ പ്രവേശന കവാടമാണ് ഇത്തവണ മനോഹരമായ് വരച്ചത്. അതിസൂക്ഷ്മതയോടെയാണ് ഓരോ വസ്തുക്കളും ചിത്രീകരിച്ചിരിക്കുന്നത്.
തന്നിലെ കലാകാരനെ വളർത്തിയതിൽ ഈ സ്കൂളിന്റെ പങ്ക് ചെറുതല്ലെന്ന് എം വി എസ് പറയുന്നു.
എം വി എസ് പഠിച്ച പഴയ കെട്ടിടം ഇന്ന് അവിടെ ഇല്ല. അത് പൊളിച്ചപ്പോൾ വിഷമം തോന്നിയെന്ന് എം വി എസ് പറയുന്നു. പകരം വന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന സമയത്ത് പഴയ കെട്ടിടത്തിന്റെ ചിത്രം വരച്ച് സ്കൂളിന് സമർപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
ചിത്രകലയിൽ വിസ്മയം തീർക്കുന്ന എം വി എസ് കളിമൺ ശില്പനിർമ്മിതിയിലും മറ്റു കരകൗശല നിർമ്മിതികളിലും ശ്രദ്ധേയനാണ്. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയുടെ ആശയം ഉൾക്കൊള്ളിച്ച് ചെയ്ത കളിമൺ ശില്പം ഏറെ ശ്രദ്ധേയമായിരുന്നു. മാസ്ക് ധരിച്ച മഹാബലി, ഭൂഗോളമേന്തിയ മാലാഖ, സങ്കല്പവധു , മുല്ലപ്പൂ ചൂടിയ മലയാളി മങ്ക, വിദ്യാർത്ഥിനി, ടീച്ചർ എന്നിവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റു കളിമൺ ശില്പങ്ങൾ.
ചെമ്പുകമ്പികളിൽ തീർത്ത ഗാന്ധി ചിത്രം, നൂലിൽ തീർത്ത ഗാന്ധി ചിത്രം, വെട്ടുതുണികളിൽ തീർത്ത ചാച്ചാജി, കറിയുപ്പിൽ തീർത്ത ഗാന്ധിജി, വിത്ത് പാകി മുളപ്പിച്ച് ചെയ്ത ഇന്ത്യൻ ഭൂപടം എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ കരകൗശല നിർമ്മിതികളാണ്. പുകയൂർ വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂളിലെ ചിത്രകലാധ്യാപകനായ എം വി എസ് കണ്ണമംഗലം മേമാട്ടുപാറ സ്വദേശിയാണ്.