കെ സി ശിവശങ്കര പണിക്കർ, അനുകരണീയ വ്യക്തിത്വം: പി കെ കുഞ്ഞാലിക്കുട്ടി

കെ സി ശിവശങ്കരപ്പണിക്കരുടെ  വിയോഗത്തിലൂടെ ഊരകം ദേശത്തിന്റെ സാമൂഹിക സാംസ്കാരിക വികസന  ചരിത്രത്തിലെ സുപ്രധാനമായൊരു അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. ഊരകത്തെ പൗരപ്രമാണിയുംവലിയ ഭൂ ഉടമയുമായിരുന്ന പണിക്കർ തന്റെ സ്വഭാവ മഹിമ കൊണ്ടും സവിശേഷ വ്യക്തിത്വം കൊണ്ടും എല്ലാവരാലും ആദരിക്കപ്പെടുകയും , സർവ്വ സമ്മതനാവുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്നു.
സമ്പത്തിന്റെയോ പ്രമാണിത്വത്തിന്റെയോ യാതൊരു വിധ അധികാര സ്വഭാവങ്ങളും കാണിക്കാതെ സാധാരണക്കാരോട് അടുത്തിടപഴകി ജീവിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് എടുത്തു പറയേണ്ട സവിശേഷത.
ഉദാര മനസ്കനും കയ്യയച്ച് സഹായിക്കുകയും ചെയ്തിരുന്ന പണിക്കർ ദാനമായോ, ന്യായ വിലക്കോ നൽകിയ ഭൂമികളിൽ തലമുറകളായി താമസമാക്കിയ വലിയൊരു ജനവിഭാഗം തന്നെ ഊരകത്തുണ്ട്. 

നാടിന്റെ വളർച്ചയുടെയും പുരോഗതിയുടെയും ചരിത്രത്തിൽ  തങ്ക ലിപികളിൽ എഴുതിച്ചേക്കേണ്ട പേരാണ് പണിക്കരുടേത്. അദ്ദേഹം സൗജന്യമായി വിട്ട് നൽകിയ ഭൂമികളിലൂടെയാണ് ഊരകത്തെ ഒട്ടുമിക്ക റോഡുകളും കടന്ന് പോകുന്നത്. നവോദയ, ഊരകം ഹൈ സ്കൂൾ പോലോത്ത മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം പൊതു ആവശ്യങ്ങൾക്കായി തന്റെ ഏക്കറക്കണക്കിന് ഭൂമി ഒരു സങ്കോചവും കൂടാതെ സൗജന്യമായി നൽകിയ പണിക്കരുടെ വികസന കാഴ്ചപ്പാടും, ആത്മാർത്ഥതയും ഊരകം ദേശത്തിന്റെ മുന്നേറ്റത്തിൽ വഹിച്ച പങ്ക് ചെറുതല്ല. 

കൃഷിയെ ഇഷ്ടപ്പെടുകയും അടുത്തറിയുകയും ചെയ്ത അദ്ദേഹം നല്ലൊരു കർഷകനായിരുന്നു . ആളും പ്രതാപവും സൗകര്യങ്ങളുമൊന്നും മണ്ണിലേകിറങ്ങി വരാൻ അദ്ദേഹത്തിന് തടസ്സമായില്ല.അവസാനം വരെ ആ ഇഷ്ടത്തെ അദ്ദേഹം ചേർത്തു പിടിച്ചിരുന്നു.


വ്യക്തിപരമായി എനിക്കും  കുടുംബത്തിനും ഏറെ അടുപ്പമുള്ളൊരു കുടുംബ സുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നത്. ചെറുപ്പം മുതലേ ഞങ്ങളുടെ കുടുംബവുമായി അടുപ്പം കാത്തു സൂക്ഷിച്ചിരുന്ന പണിക്കർ ജ്യേഷ്ഠൻ ഹൈദ്രു ഹാജിയുടെ ആത്മ മിത്രമായിരുന്നു. വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും എന്റെ നല്ലൊരു ഗുണകാംക്ഷി കൂടിയായിരുന്ന അദ്ദേഹ ത്തിന്റെ വിയോഗം നാടിനെന്ന പോലെ എനിക്കും കുടുംബത്തിനും വലിയ നഷ്ടം തന്നെയാണ്.

തികഞ്ഞ മതേതര വാദിയായിരുന്ന പണിക്കർ ജാതിമത വ്യത്യാസമില്ലാതെ സാധാരണ മനുഷ്യരോട് ചേർന്നു നിന്നു.നാട്ടിൽ ഐക്യവും സൗഹാർദവും സമാധാനവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്ത ശിവശങ്കരപ്പണിക്കർ ഊരകത്തെ എക്കാലത്തെയും മാതൃക വ്യക്തിത്വങ്ങളിൽ പ്രധാനിയായിരുന്നു എന്ന് ഉറപ്പിച്ചു പറയാം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}