കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സി. ഷാനവാസ് സംസ്ഥാന ഹജ്ജ്് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. ഹജ്ജ് അപേക്ഷ സംബന്ധിച്ച പ്രവർത്തനങ്ങൾ വിലയിരുത്തി.
ഹജ്ജ് ഹൗസിലെ കംപ്യൂട്ടർ സെക്‌ഷൻ സന്ദർശിച്ച് അപേക്ഷളുടെ സൂക്ഷ്മ പരിശോധനാ നടപടികൾ വിലയിരുത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് ട്രെയിനർമാരെ നിയോഗിച്ച് 14 ജില്ലകളിലും ഹജ്ജ് സേവനകേന്ദ്രങ്ങൾ പ്രവർത്തനം നടത്തുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
ഹജ്ജ് നിർവഹിച്ച് മടങ്ങിയെത്തിയ ഹാജിമാരിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ശേഖരിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സിഇഒയുമായി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കക്കൂത്ത് പങ്കുവെച്ചു. മക്കയിലെയും മദീനയിലെയും താമസസൗകര്യങ്ങളിൽ അടുത്ത ഹജ്ജ് മുതൽ കാതലായ മാറ്റം ഉണ്ടാകുമെന്നും സ്ത്രീകളുടെയും പുരുഷന്മാരുടെയൂം താമസവും മുറി അനുവദിക്കലും പരിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതുവരെ 23,340 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 4,652 പേർ 65 വയസ്സ് വിഭാഗത്തിലും 3109 പേർ പുരുഷ മെഹ്റം ഇല്ലാത്ത വനിതകളുടെ വിഭാഗത്തിലും 854 പേർ മുൻവർഷ കാത്തിരിപ്പ് വിഭാഗത്തിലും 14,725 പേർ ജനറൽവിഭാഗത്തിലുമാണ്. ഏഴു വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി. 12-നകം നറുക്കെടുപ്പും മറ്റു നടപടികളും പൂർത്തിയാക്കും.
ജാഫർ കെ. കക്കൂത്ത്, ഹജ്ജ് നോഡൽ ഓഫീസർ പി.കെ. അസ്സയിൻ, കെ. ഷാഫി, സി.പി. മുഹമ്മദ് ജസീം, കെ. നബീൽ, കെ. സുഹൈർ തുടങ്ങിയവർ പങ്കെടുത്തു.